കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തില്‍.... രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആര്യയുടെ പേരിലാണ് എടുത്തിരുന്നത്, രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല ,ആര്യയുടെ ആത്മഹത്യാ കുറിപ്പും ദുരൂഹം...

കല്ലുവാതുക്കല്‍ ഊഴായിക്കോട്ട് നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഊഴായ്ക്കോട് പേഴ്വിള വീട്ടില്‍ രേഷ്മയെ കഴിഞ്ഞ ദിവസം പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരന്‍ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട് വീട്ടില്‍ രണ്‍ജിത്തിന്റെ ഭാര്യ ആര്യ(23), വിഷ്ണുവിന്റെ സഹോദരി രജിതയുടെയും മേവനക്കോണം രേഷ്മ ഭവനില്‍ രാധാകൃഷ്ണന്‍ നായരുടെയും മകള്‍ ഗ്രീഷ്മ (ശ്രുതി -21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ഹാജരാകാനാണ് പാരിപ്പള്ളി പോലീസ് അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച ഉച്ചയോടെ ഇരുവരെയും വീട്ടില്‍നിന്നു കാണാതായി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദേശീയപാതയില്‍ ചാത്തന്നൂര്‍ ഇത്തിക്കര പാലത്തിനടുത്ത് ഫോണ്‍ ഓഫായതായി കണ്ടെത്തി.
ഇത്തിക്കരയാറിന്റെ പരിസരങ്ങളില്‍ രണ്ടു യുവതികളെ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടു യുവതികളും നടന്നുപോകുന്നത് സിസി ടിവി ദൃശ്യങ്ങളിലുമുണ്ട്. അതോടെ ഇന്നലെ രാവിലെ മുതല്‍ ഇത്തിക്കരയാറില്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്സും സ്‌കൂബാ ടീമും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയറിന്റെ താഴ്ഭാഗത്തുള്ള കട്ടച്ചൂളയ്ക്ക് സമീപം ആര്യയുടെ മൃതദേഹം കണ്ടെത്തി.
വൈകിട്ട് ഇത്തിക്കര പാലത്തിനു സമീപത്തുനിന്ന് ഗ്രീഷ്മയുടെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കഴിഞ്ഞ ജനുവരി അഞ്ചിന് രാവിലെയാണ് കല്ലുവാതുക്കല്‍ ഊഴായ്ക്കോട്ടെ വീട്ടുപുരയിടത്തില്‍ കരിയില കൊണ്ടു മൂടിയ നിലയില്‍ നവജാതശിശുവിനെ കണ്ടത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡി.എന്‍.എ. ടെസ്റ്റ് ഉള്‍പ്പടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്ഥലമുടമ ഊഴായ്ക്കോട് പേഴ്വിള വീട്ടില്‍ സുദര്‍ശനന്‍പിള്ളയുടെ മകള്‍ രേഷ്മ(21)യെ അറസ്റ്റ് ചെയ്തത്.
യുവതി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ കാരണമായി പറയുന്ന കാമുകനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊട്ടിയം, ചാത്തന്നൂര്‍ പരിസരത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കാമുകനെ ഫെയ്സ് ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നാണ് രേഷ്മ പറയുന്നത്. രേഷ്മ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ആര്യയുടെ പേരിലാണ് എടുത്തിരുന്നത്. ഈ വിവരം ആര്യ രഞ്ജിത്തിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു ഇതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. ആര്യയുടെ 4വയസ്സായ മകനെ ഗ്രീഷ്മയുടെ അമ്മയെ ഏല്‍പിച്ച ശേഷമാണ് ഇരുവരും വീട്ടില്‍ നിന്നു പോയത്.
ആര്യയുടെ ആത്മഹത്യാ കുറിപ്പും ദുരൂഹമാണ്. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല എന്നാണ് കുറിപ്പിലുള്ളത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. അറിഞ്ഞുകൊണ്ട് ആരേയും താന്‍ ചതിച്ചിട്ടില്ലെന്ന് ആര്യയുടെ കുറിപ്പില്‍ പറയുന്നു. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.
കുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചത് താന്‍ ഒറ്റയ്ക്കാണെന്നും ഗര്‍ഭിണിയായിരുന്നെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നു എന്നുമുള്ള രേഷ്മയുടെ വാദവും ഇതോടെ പൊളിയുകയാണ്. ചോദ്യം ചെയ്യലിന് പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാന്‍ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും ദുരൂഹമാണ്. ഈ സാഹചര്യത്തില്‍ രേഷ്മയെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
ചോദ്യംചെയ്യല്‍ ഭയന്നാകാം ഇവര്‍ ആത്മഹത്യ ചെയ്തതെന്നും നവജാതശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഇവര്‍ക്ക് അറിയാമെന്നും പോലീസ് സംശയിക്കുന്നു. എ.സി.പി: വൈ.നിസാമുദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.
"
https://www.facebook.com/Malayalivartha




















