അപ്പോഴേ പറഞ്ഞതല്ലേ... ജോസഫൈനേയും ആയിഷ സുല്‍ത്താനയേയും പുലിവാല് പിടിപ്പിച്ചത് ചാനലുകാര്‍ തന്നെയാണ്; ചാനലുകള്‍ തലങ്ങും വിലങ്ങും ചോദ്യം ചോദിച്ച് പണി നല്‍കും; വെട്ടിലായാല്‍ ആ ചാനല്‍ പോലും കൈയ്യൊഴിയും; ജോസഫൈന് എല്ലാം പോയി; അയിഷയ്ക്ക് ആശ്വാസം

ചാനലുകള്‍ പണികൊടുത്ത രണ്ട് വനിതകളാണ് എംസി ജോസഫൈനും ആയിഷ സുല്‍ത്താനയും. ആവേശത്തില്‍ എന്നാല്‍ അബദ്ധത്തില്‍ ചിന്തിക്കാതെ പറഞ്ഞ കാര്യങ്ങളാണ് രണ്ട് പേര്‍ക്കും പണി കൊടുത്തത്. ചാനലുകള്‍ തലങ്ങും വിലങ്ങും ചോദ്യം ചോദിച്ച് പണി നല്‍കും. വെട്ടിലായാല്‍ അവര്‍ തന്നെ ബ്രേക്കിംഗ് നല്‍കും. ജോസഫൈന്റെ പണി പോയി. ആയിഷ സുല്‍ത്താന കഷ്ടിച്ച് രക്ഷപ്പെട്ടു.
'ജൈവായുധ' പരാമര്‍ശത്തിന്റെ പേരില്‍ സംവിധായിക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കേസ് ബാധകമാകില്ലെന്നു ഹൈക്കോടതി. ആ വാക്കുകള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. രാജ്യദ്രോഹക്കേസിനു പര്യാപ്തമായ, സര്‍ക്കാരിനെതിരായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ജസ്റ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി. കേസില്‍ ആയിഷയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കി. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപുകാര്‍ക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി ജൂണ്‍ 7 ലെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണു കേസിന് ആധാരം.
'ജൈവായുധം' എന്ന വാക്ക് അടര്‍ത്തിയെടുത്തു പരിശോധിക്കാതെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ പരിശോധിക്കണമെന്നു കോടതി പറഞ്ഞു. പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കോവിഡ് പ്രോട്ടോക്കോള്‍ മാറ്റിയതിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണു ചെയ്തത്. ദ്വീപില്‍ ക്വാറന്റീന്‍ വ്യവസ്ഥ മാറ്റിയതോടെ തീവ്രവ്യാപനം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനമെന്നു കോടതി ചൂണ്ടിക്കാട്ടി. പരാമര്‍ശങ്ങളുടെ പകര്‍ത്തെഴുത്തു പരിശോധിച്ച ശേഷമാണു നടപടി.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെ സംവിധായിക ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു കവരത്തി പൊലീസ്. കവരത്തിയിലുള്ള ആയിഷയെ ഇന്നലെ ഉച്ചയോടെ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ ആദ്യഘട്ടം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ആയിഷയെ പൊലീസ് വിട്ടയച്ചിരുന്നു.
കൊച്ചിയിലേക്കു മടങ്ങുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ അപ്രതീക്ഷിതമായാണ് ഉച്ചയ്ക്കു 12.15ന് വീണ്ടും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചത്. ഫോണിലുള്ള നമ്പറുകള്‍ എഴുതിയെടുക്കാനുള്ള അവസരം പോലും പൊലീസ് തനിക്കു തന്നില്ലെന്നും മാതാവിനെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ പോലും മാര്‍ഗമില്ലാതായെന്നും സ്‌റ്റേഷനു പുറത്തെത്തിയ ആയിഷ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, ആയിഷ സുല്‍ത്താനയ്ക്കു വിദേശരാജ്യങ്ങളിലുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമോ സാമ്പത്തിക ഇടപാടുകളോ ഉണ്ടോ എന്ന പരിശോധനയ്ക്കായാണു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതെന്നാണു കവരത്തി പൊലീസിന്റെ വിശദീകരണം. ആയിഷ ഇന്നു കൊച്ചിയിലെത്തും.
ആയിഷയെ കോടതി രക്ഷപ്പെടുത്തിയെങ്കിലും ജോസഫൈനെ ജനങ്ങളുടെ കോടതി ശിക്ഷിച്ചു. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവച്ചു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ജോസഫൈന് അധ്യക്ഷസ്ഥാനത്ത് ഇനി എട്ടുമാസം കൂടി ബാക്കിയിരിക്കെയാണ് രാജി.
പരാമര്‍ശത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. ഇ.പി ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചു. പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവമായി വിവാദം മാറിയെന്നു നേതാക്കള്‍ പറഞ്ഞു. ജോസഫൈനെപോലെ ഒരു നേതാവോ കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ആളോ ഉപയോഗിക്കേണ്ട വാക്കുകളല്ല ഉണ്ടായത്. പദവിയുടെ ഉത്തരവാദിത്തം ജോസഫൈന്‍ മനസിലാക്കിയില്ലെന്നും വിമര്‍ശനമുയര്‍ന്നു.
"
https://www.facebook.com/Malayalivartha























