സിങ്കത്തിന്റെ രക്തത്തിനായി രാഷ്ട്രീയക്കാര്‍... പ്രതിഷേധം മറികടക്കാന്‍ ഡിജിപിയുടെ കത്ത്, ആഭ്യന്തര മന്ത്രിയെ ഗൗനിക്കാതിരുന്നത് ബോധപൂര്‍വമെങ്കില്‍ തെറ്റ്

കഴിഞ്ഞ ദിവസം പോലീസ് അക്കാഡമിയില്‍ നടന്ന ചടങ്ങിനിടെ എ.ഡി.ജി.പി ഋഷിരാജ് സിംഗ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതെ ഇരുന്നത് മറ്റൊരു രാഷ്ട്രീയ ഇടപെടലിന് വേദിയായി. ചിരിച്ചു കൊണ്ടു വന്ന ചെന്നിത്തലയെ സിങ്കം മൈന്‍ഡ് പോലും ചെയ്തില്ല. ആഭ്യന്തരമന്ത്രി വരുമ്പോള്‍ എഴുന്നേല്‍ക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്ന് ഇതിനിടെ വ്യക്തമായിട്ടുണ്ട്. അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയും ജനങ്ങളും ഒരുപോലെ സിങ്കത്തിന് പിന്നിലാണ്. ഋഷിരാജ്‌സിംഗിന്റെ ധീരതയെ പറ്റിയാണ് എല്ലാവരും സംസാരിക്കുന്നത്. ഒരാളു പോലും സിങ്കം ചെയ്തത് മോശം പ്രവര്‍ത്തിയായി കാണുന്നില്ല.
അതേസമയം വാര്‍ത്ത വന്നപ്പോള്‍ തന്നെ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന രീതിയിലായിരുന്നു ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ മുഖ്യധാര പത്രങ്ങള്‍ ഇത് മൂടി വച്ചപ്പോഴും സോഷ്യല്‍ മീഡിയ ഫോട്ടോ സഹിതം സത്യം പുറത്തുകൊണ്ടു വന്നു. അതിനു ശേഷമാണ് തന്നെ ഗൗനിക്കാതിരുന്നതില്‍ തനിക്ക് പരാതിയില്ലെന്ന് ചെന്നിത്തല പറഞ്ഞത്.
എന്നാല്‍ സിങ്കത്തിന്റെ നടപടിയ്‌ക്കെതിരെ രാഷ്ട്രീയക്കാര്‍ രഹസ്യമായും പരസ്യമായും ഒത്തുകൂടുകയാണ്. എത്രവലിയ കേമനായ ഉദ്യോഗസ്ഥനായാലും മന്ത്രിയെ സല്യൂട്ടടിക്കുകയും ഓച്ചാനിച്ച് നില്‍ക്കണമെന്നുമുള്ള വാശിയിലുമാണ് അവര്‍. മുന്‍ കെപിസിസി പ്രസിഡന്റം മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനും സര്‍വോപരി ആഭ്യന്തരമന്ത്രിയുമായ വ്യക്തിയേയുമാണ് സിങ്കം അപമാനിച്ചത്. അതിനുള്ള അമര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുമുണ്ട്. ഋഷിരാജ് സിംഗിനെ വിമര്‍ശിച്ച് ചില കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. അവര്‍ സിങ്കത്തിന് എതിരുള്ള ചില ഉദ്യേഗസ്ഥരെ കൂട്ടുപിടിക്കുകയും ചെയ്തു. ഇതോടെ സിങ്കത്തിനുമേല്‍ പേരിനെങ്കിലുമുള്ള നടപടിക്കുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഗൗനിക്കാതിരുന്നത് പ്രോട്ടോക്കോള്‍ പ്രശ്‌നമല്ലെന്നും ബോധപൂര്‍വമെങ്കില്‍ തെറ്റാണെന്നും ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തന്നെ പറഞ്ഞിരിക്കുകയാണ്. മന്ത്രി വന്നത് ഋഷിരാജിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല. അദ്ദേഹത്തിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തും. മന്ത്രിയെ കാണുമ്പോള്‍ സല്യൂട്ട് അടിക്കേണ്ടത് കടമയാണെന്നും ഡിജിപി പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാന്‍ വിസമ്മതിച്ച എ.ഡി.ജി.പി ഋഷിരാജ് സിംഗിന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ കത്ത് നല്‍കും. സല്യൂട്ട് ചെയ്യാത്തതില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ സ്വയം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക.
ഋഷിരാജ് സിംഗിന് അബദ്ധം പറ്റിയെങ്കില്‍ തിരുത്തും.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഋഷിരാജ് സിങ് ബഹുമാനിച്ചില്ലെന്നായിരുന്നു ആരോപണം. പാസിങ് ഔട്ട് പരേഡ് നടന്ന സ്ഥലത്തേക്ക് ആഭ്യന്തരമന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം എഴുന്നേറ്റ് സല്യൂട്ട് ചെയ്തിരുന്നു. എന്നാല്‍, എ.ഡി.ജി.പി. ഋഷിരാജ് സിങ് സോഫയില്‍ ഇരുന്നു. ആഭ്യന്തരമന്ത്രിയെ കവാടത്തില്‍ സ്വീകരിക്കാനും അദ്ദേഹം പോയില്ല. മന്ത്രിയെത്തുന്ന വിവരം അനൗണ്‍സ് ചെയ്തപ്പോള്‍ ചടങ്ങിലുണ്ടായിരുന്ന ഐ.ജി.യും എ.ഡി.ജി.പി. രാജേഷ് ദിവാനും ഉന്നത ഉദ്യോഗസ്ഥരും എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. എന്നാല്‍, ഋഷിരാജ് സിങ് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റില്ല. ചടങ്ങ് കഴിഞ്ഞ് മന്ത്രിമാരടക്കമുള്ളവര്‍ എഴുന്നേറ്റതിനു ശേഷമാണ് ഋഷിരാജ് സിങ് എഴുന്നേറ്റതും. മന്ത്രിയുമായി സംസാരിക്കുവാനും അദ്ദേഹം തയ്യാറായില്ല. ഋഷിരാജ് സിങ്ങിനോടും മന്ത്രി ഒന്നും പറയാതെയാണ് മടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















