കേരളത്തിലെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാണ്,സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം; വികാരഭരിതനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ച വിസ്മയയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഗവര്‍ണറെ വികാരഭരിതനായാണ് കണ്ടത്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും എന്റെയും മക്കളാണെന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു. സ്ത്രീധനം പോലുള്ള മോശം പ്രവണതകളെ തടയാന്‍ ശക്തമായ നിയമങ്ങളുണ്ട്.
സ്ത്രീധന നിരോധനത്തില്‍ ജനങ്ങളും അവബോധിതരാകണം. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെയ്ക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണം ഗവര്‍ണര്‍ പ്രതികരിച്ചു. സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. പല മേഖലകളിലും കേരളം മുന്നിലാണ് എന്നാല്‍ സ്ത്രീധനം പോലുള്ള പൈശാചിക പ്രവണതകളും ധാരാളമായി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.
എല്ലാ കാര്യത്തിലും മുന്നിലായ കേരളം ഇത്തരം കാര്യങ്ങളില്‍ പിന്നിലാണ്. സ്ത്രീധനത്തിനെതിരെ ബോധവല്‍ക്കരണം അനിവാര്യമാണ്. ഇതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. കേരളത്തിലെ സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാണെന്നും സ്ത്രീധനത്തോട് നോ പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാക്കിയ ദുരന്തമായിരുന്നു പോരുവഴിയില്‍ സ്ത്രീധന പീഡനത്തിന് ഇരയായ വിസ്മയയുടെ മരണം. പ്രതിയായ കിരണ്‍ പൊലീസ് കസ്റ്റഡിയിലാണ്. വിസ്മയയുടെ മരണത്തോടെ നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ടികളും നേതാക്കളുമാണ് സ്ത്രീധനത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ നിരവധിപേർ രംഗത്ത് എത്തിയിരുന്നു.
എന്നാൽ, കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശാസ്താംകോട്ട കോടതിയുടേതാണ് ഉത്തരവ്. വിസ്മയയുടെ മരണം നടന്ന പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ടെം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും. വിസ്മയ ശുചിമുറിയില്‍ തൂങ്ങി നില്‍ക്കുന്നത് ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് കണ്ടിട്ടുളളത്.
അതിനാലാണ് കൊലപാതക സാധ്യത ഇപ്പോഴും പൊലീസ് തളളിക്കളയാത്തതും. വിസ്മയയെ മര്‍ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയോ സഹായമോ ഉണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരുത്താന്‍ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
https://www.facebook.com/Malayalivartha






















