കോട്ടയം നഗരമധ്യത്തിൽ ഗുണ്ടാ സംഘത്തിൻ്റെ അഴിഞ്ഞാട്ടം: ഗുണ്ടാ സംഘത്തലവൻ അലോട്ടിയുമായി ജയിലിൽ നിന്നും എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം ആക്രമിച്ചു; ആക്രമണം നടത്തിയത് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച്..
നഗരമധ്യത്തിൽ ഗുണ്ടാ സംഘത്തിൻ്റെ അഴിഞ്ഞാട്ടം. കാപ്പ ചുമത്തി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ കേസിൻ്റെ ആവശ്യത്തിനായി കൊണ്ടു വന്ന പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം ആക്രമിച്ചു.
കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബി(അലോട്ടി - 27) നെ വിചാരണയ്ക്ക് എത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കെ.എസ് ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. ഗുണ്ടാ ആക്ട് ചുമത്തിയ അലോട്ടി ഒരു വർഷത്തോളമായി തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. കേസിൻ്റെ ആവശ്യത്തിനായി തിങ്കളാഴ്ച അലോട്ടിയെ കോട്ടയത്തെ കോടതിയിൽ എത്തിച്ചിരുന്നു.
അലോട്ടി ജില്ലയിൽ എത്തിയപ്പോൾ മുതൽ ഇയാളുടെ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട പത്തോളം പേർ അകമ്പടിയായി ഉണ്ടായിരുന്നു. കോടതി നടപടികൾ പൂർത്തിയാക്കി അലോട്ടിയുമായി പൊലീസ് സംഘം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം എത്തി. ഇവിടെ സ്റ്റാൻഡിനു സമീപം ഈ ഗുണ്ടാ സംഘവും എത്തി.
പ്രതിയ്ക്കൊപ്പം ഗുണ്ടാ സംഘം നടക്കുന്നതിനെ പൊലീസുകാർ ചോദ്യം ചെയ്തു. ഇതോടെ ഗുണ്ടാ സംഘം പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തുമെന്ന സാഹചര്യം ഉണ്ടായതോടെ ഗുണ്ടാ സംഘം ഓടി രക്ഷപെട്ടു. തുടർന്ന് , അലോട്ടിയോടൊപ്പം പൊലീസുകാർ തിരുവനന്തപുരത്തേയ്ക്ക് പോയി. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha






















