കേരളം മതതീവ്രവാദികളുടെ പറുദീസ... അന്ന അത് കേട്ടിരുന്നേൽ, ഇന്ന് ദുഖിക്കേണ്ടി വരില്ലായിരുന്നു... ഇനിയെങ്കിലും അത് ചെയ്യണം, ഇല്ലേൽ!

കേരളത്തിന്റെ പോക്ക് ഇപ്പോൾ അപകടം പിടിച്ച ഘട്ടത്തിലൂടെയാണെന്ന് പറഞ്ഞാൽ അതിനെ തള്ളിക്കളയാൻ ആകുമോ? ഇല്ല, അതിന് കഴിയില്ല. കാരണം പുറത്ത് വരുന്നത് ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ള വാർത്തകളാണ്. രണ്ട് ഘട്ടങ്ങളില്‍ അഞ്ച് വര്‍ഷത്തോളം കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണെന്ന് നമുക്ക് ഏവർക്കും അറിയാവുന്നതാണ്.
ഈയൊരു സാഹചര്യത്തിൽ കേരളത്തിലെ തീവ്രവാദത്തെ പറ്റി അദ്ദേഹത്തിന്റെ വിവാദപരമായ ഒരു അഭിമുഖം പുറത്ത് വന്നിരുന്നു. കേരളം ഐസിസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്ന സുപ്രധാന വെളിപ്പെടുത്തല്‍ കൂടി നടത്തിയാണ് ബെഹ്‌റ കേരളത്തിന്റെ പൊലീസ് മേധാവി സ്ഥാനം ഇപ്പോൾ ഒഴിയുന്നത്.
ഇതിനു ചുവട് പിടിച്ച് ഒട്ടനവധി വെളിപ്പെടുത്തലുകളാണ് കേരള ജനത ഇക്കഴിഞ്ഞ ദിവസങ്ങളിൽ വീക്ഷിച്ചത്. ഏറ്റവും ഒടുവിലായി വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത് കേരള കത്തോലിക്ക മെത്രാന്‍ സമിതിയാണ്.
കേരള കത്തോലിക്ക മെത്രാന്‍ സമിതി വര്‍ഷങ്ങള്‍ക്ക് മുന്‍പേ നല്‍കിയ മുന്നറിയിപ്പാണ് ഇപ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശരിവെച്ചതെന്ന് കത്തോലിക്ക സഭയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിംഗ് താവളമാണെന്നും ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകളെ തീവ്രവാദികള്‍ ഇവിടെ ലക്ഷ്യമിടുന്നുവെന്നും ഇത്തരക്കാരെ ഏതു രീതിയില്‍ തീവ്ര ആശയങ്ങളില്‍ ആകൃഷ്ടരാക്കി അങ്ങോട്ടേക്ക് കൊണ്ടു പോകാം എന്നുള്ളതാണ് അവരുടെ ലക്ഷ്യമെന്നുമായിരിന്നു വിരമിക്കാനിരിക്കെ ഡിജിപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഈ വിഷയത്തില്‍ കെസിബിസി നേരത്തെ തന്നെ ഭരണകൂടത്തോട് ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിന്നുവെന്ന് മുഖപത്രമായ പ്രവാചക ശബ്ദം സൂചിപ്പിക്കുന്നുണ്ട്. കേരളത്തിൽ സ്ലീപ്പിങ് സെല്ലുകൾ ഇല്ലെന്ന് പൂർണമായും പറയാനാകില്ല. എല്ലായിടത്തും എപ്പോഴും അവർ അദൃശ്യരായി ഉണ്ടാകും എന്നു വേണം വിചാരിക്കാൻ. ദിവസവും ഇത്തരത്തിലുള്ള വിവരങ്ങളുടെ വൻ ശേഖരമാണ് പുറത്ത് വരുന്നതും.
പുതു തലമുറയ്ക്ക് ആകര്‍ഷകമായ ഒരു ജീവിത രീതിയായി ഭീകരപ്രവര്‍ത്തനം മാറാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനു നേരേ ഇനി എത്രനാള്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയുമെന്നും ചോദ്യമുയര്‍ത്തിക്കൊണ്ട് 2019-ല്‍ അന്നത്തെ കെസിബിസി വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് രംഗത്തു എത്തിയിരുന്നു.
കാശ്മീരിലോ ശ്രീലങ്കയിലോ ലോകത്തെവിടെയും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടാവുന്നത് ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി കൂട്ടിവായിക്കണമെന്ന സെന്‍കുമാറിന്റെ നിരീക്ഷണം തള്ളിക്കളയാവുന്നതാണോ എന്ന ചോദ്യവും ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് ഉന്നയിച്ചിരുന്നു. മുഖപത്രത്തിൽ വന്നിരിക്കുന്ന നിരീക്ഷണവും കഴിഞ്ഞ ദിവസത്തെ ഡിജിപിയുടെ പ്രസ്താവനയും കൂട്ടി വായിക്കുമ്പോൾ കേരളം ഏറെ ജാഗ്രതയോടെ വേണം ഇനി മുന്നോട്ട് പോകാൻ എന്നുള്ള സന്ദേശം തന്നെയാണ് നൽകുന്നത്.
ആഗോളതലത്തില്‍ വേരുകളുള്ളതും ശക്തമായ ഒരു സമാന്തര സാമ്പത്തിക-രാഷ്ട്രീയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഭീകരതയുടെ ഒരു പുതുതരംഗം ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകമേധാവിത്വം കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന ഒരു മതാധിഷ്ഠിത ഭരണക്രമം സ്വപ്നം കാണുന്ന ഇവര്‍ വിവിധ രൂപഭാവങ്ങളോടെ ഈ നാട്ടിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ നിരവധി മാസങ്ങള്‍ക്ക് മുന്‍പ് പ്രസ്താവന പുറത്തിറിക്കിയതായി പറയുന്നു. കെസിബിസി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച ആശങ്ക ശരിവെയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയ കാര്യങ്ങളെന്ന് പ്രവാചക ശബ്ദത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.
വോട്ടു ബാങ്കില്‍ മാത്രം കണ്ണുനട്ടും സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭം കൊയ്തും വര്‍ഗീയ സമ്മര്‍ദ്ധങ്ങള്‍ക്കു വഴങ്ങിയും ഭരണാധികാരികള്‍ സ്വീകരിച്ചിട്ടുള്ള നിഗൂഢ നിലപാടുകളാണ് ഭീകരതയ്ക്കു വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയതെന്ന് കെസിബിസി ഐക്യജാഗ്രത കമ്മീഷനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരിന്നു.
ഇതുകൂടാതെ താന്‍ ഡിജിപിയായിരുന്ന കാലത്ത് കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ ഖേദമില്ലെന്നും പറഞ്ഞാണ് ഡിജിപി അദ്ദേഹത്തിന്റെ പടിയിറക്കം പ്രഖ്യാപിച്ചത്. മാവോയിസ്റ്റ് വേട്ടയില്‍ പൊലീസ് ചെയ്തത് കര്‍ത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് താവളമാണെന്ന് വിശേഷിപ്പിച്ച ബെഹ്‌റ മലയാളികളുടെ ഭീകര ബന്ധം ആശങ്കയുളവാക്കുന്നതാണെന്നും തുറന്ന് സമ്മതിച്ചിട്ടുണ്ട്. വ്യക്തികളെ ഭീകര സംഘങ്ങള്‍ വലയിലാക്കുന്നത് തടയാന്‍ പൊലീസ് പല ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇപ്പോള്‍ ഇതിനെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്നുമുള്ള ആവലാതികൾ അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.
ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്‌സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്. അദ്ദേഹത്തെ പോലെയൊരു ഉദ്യോഗസ്ഥൻ ഇത്രയും പ്രാധാന്യം അർഹിക്കുന്ന വിഷയത്തിൽ പ്രതികരിക്കുമ്പോൾ നമ്മൾ ഇനിയും ഏറെ സീരിയസായി ഇതിനെ നോക്കി കാണണം എന്നു വേണം ഈയൊരു അവസരത്തിൽ പറയാനുള്ളത്.
https://www.facebook.com/Malayalivartha
























