36 വര്‍ഷം 36 ദിവസം പോലെ... കേരളത്തേയും മലയാളികളേയും അത്രമേല്‍ സ്‌നേഹിച്ച ലോക്‌നാഥ് ബഹ്‌റ ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നു; പൊലീസില്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൊണ്ടുവന്ന് ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു

മലയാളികളെ അത്രമേല്‍ സ്‌നേഹിച്ച മറ്റൊരു അന്യസംസ്ഥാന ഉദ്യോഗസ്ഥന്‍ കൂടി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിട വാങ്ങുകയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും.
രണ്ട് ഘട്ടമായി അഞ്ചുവര്‍ഷത്തോളം ഡി.ജി.പിയായിരുന്നു. വിജിലന്‍സ്, ജയില്‍, ഫയര്‍ഫോഴ്‌സ് മേധാവിയുമായിട്ടുണ്ട്. പൊലീസില്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൊണ്ടുവന്ന ബെഹ്‌റയുടെ നേതൃത്വത്തില്‍ സേനയുടെ ഫേസ്ബുക്ക് പേജ് 16 ലക്ഷം ഫോളോവേഴ്‌സുണ്ടാക്കി.
ഒഡിഷ സ്വദേശിയായ ബെഹ്‌റ 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സി.ബി.ഐയിലും എന്‍.ഐ.എയിലും ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി തീവ്രവാദക്കേസുകള്‍ അന്വേഷിച്ചു. സ്തുത്യര്‍ഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടിന് പേരൂര്‍ക്കട എസ്.എ.പി മൈതാനത്ത് ബെഹ്‌റയുടെ വിടവാങ്ങല്‍ പരേഡ് നടക്കും.
മുപ്പത്തിയാറു വര്‍ഷം നീണ്ട തന്റെ കുറ്റാന്വേഷണ ഉപാസന അവസാനിപ്പിച്ച് ഔദ്യോഗിക ജീവിതത്തില്‍ നിന്നാണ് ഇന്ന് പടിയിറങ്ങുന്നത്. ജിയോളജിയില്‍ ഉന്നതപഠനം കഴിഞ്ഞ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്ന ശേഷം ലോക്‌നാഥ് ബെഹ്‌റ അന്വേഷിച്ച ചില കേസുകള്‍ മാദ്ധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്.
ലോകത്തെ വിറപ്പിച്ച മുംബയ് ബോംബ് സ്‌ഫോടനകേസ്, എയര്‍ ഇന്ത്യ ഐസി 814 വിമാനം റാഞ്ചിയ കേസ്, പുരുലിയയില്‍ ആകാശത്തു നിന്ന് തോക്കുകള്‍ വര്‍ഷിച്ച കേസ്, ബാബറി മസ്ജിദ് തകര്‍ത്ത കേസ് തുടങ്ങിയവയൊക്കെ അതില്‍പ്പെടും.
മാത്രമല്ല, കേരളത്തില്‍ അത്ര ആഘോഷിക്കപ്പെടാത്തതും എന്നാല്‍ പ്രമാദവുമായിരുന്ന നിരവധി കൊലക്കേസുകളും തീവ്രവാദകേസുകളും അഴിമതിക്കേസുകളും അവയില്‍ പെടും. പക്ഷേ, ബെഹ്‌റ ഇതിന്റെയെല്ലാം ഭാഗമായിരുന്നു എന്ന് മിക്ക മലയാളികള്‍ക്കും അറിവുണ്ടാവില്ല. കാരണം, സി.ബി.ഐയില്‍ ജോലി ചെയ്ത പത്തുവര്‍ഷക്കാലത്തും എന്‍.ഐ.എയില്‍ ജോലി ചെയ്ത അഞ്ചുവര്‍ഷക്കാലത്തുമാണ് ബെഹ്‌റ ഈ അന്വേഷണ സംഘങ്ങളുടെയെല്ലാം ഭാഗമായിരുന്നത്.
അതേസമയം ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് ഞായറാഴ്ച ചാനലുകളിലൂടെ തുറന്നുപറഞ്ഞ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ മലക്കം മറിഞ്ഞു.
ഐസിസ് ലക്ഷ്യംവയ്ക്കുന്ന സ്ഥലമാണ് കേരളമെങ്കിലും ഇവിടം സുരക്ഷിതമാണെന്നാണ് പുതിയ വാദം. അഞ്ചുവര്‍ഷം മുമ്പ് കേരളത്തില്‍ ഐസിസ് റിക്രൂട്ട്‌മെന്റ് നടന്നെങ്കിലും പിന്നീട് അത്തരം ശ്രമങ്ങള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞു. അതേസമയം, വിദ്യാഭ്യാസ നിലവാരം കൂടുതലുള്ള കേരളത്തില്‍ ഐസിസ് റിക്രൂട്ടിംഗ് തുടരാനിടയുണ്ടെന്നും അത് തടയാന്‍ പൊലീസ് സജ്ജമാണെന്നും ബെഹ്‌റ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷം ഡി.ജി.പിയായിരുന്നിട്ടും ശക്തമായ നടപടികളെടുക്കാതെ, വിരമിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവച്ചതിനെത്തുടര്‍ന്നാണ് നിലപാട് മാറ്റം. വിദ്യാസമ്പന്നരെ റിക്രൂട്ട് ചെയ്യുകയാണ് തീവ്രവാദ സംഘടനകളുടെ ലക്ഷ്യം.
കേരളത്തില്‍ നിന്ന് ഐസിസില്‍ ചേര്‍ന്നവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. മുംബയ്, ഡല്‍ഹി എന്നിവിടങ്ങളിലെന്നപോലെ കേരളത്തിലും ഇത് നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നാണ് കേരളത്തില്‍ റിക്രൂട്ടിംഗിന് ശ്രമിച്ചത്. സംസ്ഥാനത്തുള്ളവരുടെ പരോക്ഷബന്ധം മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ.
ലൗ ജിഹാദ് എന്നത് ഒരു പ്രാദേശിക പ്രയോഗം മാത്രമാണ്. വ്യത്യസ്ത മതങ്ങളിലുള്ളവര്‍ വിവാഹിതരാകുന്നത് കേരളത്തില്‍ സാധാരണമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുത്. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസില്‍ പൊലീസിന് ചെയ്യാനാവുന്നതെല്ലാം ചെയ്തു.
അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കേസ് തെളിയിക്കട്ടെ. ഉത്തര്‍പ്രദേശില്‍ പ്രതിവര്‍ഷം നാല് ലക്ഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത് ആറ് ലക്ഷത്തിലധികമാണ്. ശിക്ഷാനിരക്ക് 93 ശതമാനവും. സി.ബി.ഐയുടെ കേസുകളിലെ ശിക്ഷാനിരക്ക് 70-80 ശതമാനമാണെന്നും ബെഹ്‌റ പറഞ്ഞു.
https://www.facebook.com/Malayalivartha























