കാര്യങ്ങള്‍ മാറിമറിയുന്നു... വിസ്മയയുടെ മരണം സംബന്ധിച്ച ദുരൂഹത തുടരുന്നു; വിസ്മയ തൂങ്ങി മരിച്ചതായി പറയുന്ന സ്ഥലത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പരിശോധന നടത്തി; ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാനാകാതെ അന്വേഷണ സംഘം

ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയുടെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ തുടരുകയാണ്. ഇപ്പോഴും പൂര്‍ണമായും ആത്മഹത്യയെന്ന് ഉറപ്പിച്ച് പറയാന്‍ പോലീസിനാകുന്നില്ല. വിസ്മയ തൂങ്ങി മരിച്ചതായി പറയുന്ന സ്ഥലത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പരിശോധന നടത്തി.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഭര്‍ത്താവ് എസ്. കിരണ്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും ആത്മഹത്യയെന്ന് അന്വേഷണ സംഘത്തിനു സ്ഥിരീകരിക്കാനായില്ല.
ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് കിരണിനെ തെളിവെടുപ്പിനായി പോരുവഴി ശാസ്താംനടയിലെ വീട്ടിലെത്തിച്ചത്. വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ. ശശികലയും ഡോ. സീനയും സ്ഥലത്ത് എത്തിയിരുന്നു. വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങിനിന്നുവെന്നു കിരണ്‍ പറഞ്ഞ ശുചിമുറിയില്‍ ഡോക്ടര്‍മാരും റൂറല്‍ എസ്പി കെ.ബി.രവിയും പരിശോധന നടത്തി.
കിരണിന്റെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടി. ലഭ്യമായ മൊഴികള്‍ അനുസരിച്ച് വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത് കിരണ്‍ മാത്രമേ കണ്ടിട്ടുള്ളൂ. കിരണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ.
വിസ്മയ തൂങ്ങിമരിച്ചതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കിരണ്‍. എന്നാല്‍ സ്ത്രീധനം കുറഞ്ഞു പോയതിന്റെയും കാറിന്റെയും പേരില്‍ പലതവണ വിസ്മയയെ വിവിധ സ്ഥലങ്ങളില്‍ വച്ച് മര്‍ദിച്ചതായി കിരണ്‍ പൊലീസിനോടു സമ്മതിച്ചു.
സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പോരുവഴി ശാസ്താംനടയിലെ എസ്ബിഐ ശാഖയില്‍ തെളിവെടുപ്പു നടത്തി. മാലയും വളകളും ഉള്‍പ്പെടെ 42 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ലോക്കറില്‍ ഉണ്ടായിരുന്നത്.
വിസ്മയയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് കിരണ്‍ കുമാര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. വിവാഹ ശേഷം അഞ്ചു തവണ വിസ്മയയെ മര്‍ദിച്ചുവെന്ന് കിരണിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ വിസ്മയ മരിക്കുന്ന രാത്രിയില്‍ മര്‍ദിച്ചിരുന്നില്ലെന്നാണ് മൊഴി. മദ്യപിച്ചാല്‍ കിരണ്‍കുമാറിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാകും. ഇക്കാര്യത്തില്‍ പൊലീസ് മനഃശാസ്ത്രജ്ഞരെ കണ്ട് അഭിപ്രായം തേടും.
തിങ്കളാഴ്ചയാണ് റിമാന്റിലായിരുന്ന കിരണ്‍ കുമാറിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും. കിരണ്‍ കുമാറിന്റെ ബാങ്ക് ലോക്കര്‍ പരിശോധിക്കാന്‍ ബാങ്കിലും എത്തിക്കും.
വിസ്മയയെ ഭര്‍ത്താവ് എസ്. കിരണ്‍കുമാര്‍ പൊതുനിരത്തിലും വീട്ടിലും വച്ച് പല തവണ മര്‍ദിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മുന്‍പ് കൊല്ലത്ത് നിന്നു പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ, സ്ത്രീധനമായി ലഭിച്ച കാറിന്റെ ചില്ലുകള്‍ കിരണ്‍ അടിച്ചു തകര്‍ത്തിരുന്നു.
അതേ ദിവസം രാത്രിയില്‍ യാത്രാമധ്യേ കുണ്ടറ രണ്ടു റോഡ് ഭാഗത്തു വച്ച് വിസ്മയയെ കിരണ്‍ മര്‍ദിച്ചു. മര്‍ദനമേറ്റ അവശനിലയിലായ വിസ്മയ കാറിന്റെ വേഗത കുറഞ്ഞ സമയത്ത് ഡോര്‍ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നു.
തുടര്‍ന്നു ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന സമീപത്തെ ഒരാളുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അഭയം തേടിയത്. പ്രകോപനവുമായി കിരണും പിന്നാലെയെത്തി. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ കിരണുമായി അന്വേഷണസംഘം ഇതേ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
വിസ്മയയുടെ വീട്, കിരണിന്റെ വീട്, കാര്‍, വിസ്മയ പഠിച്ചിരുന്ന പന്തളത്തെ ആയുര്‍വേദ കോളജ് തുടങ്ങിയ ഇടങ്ങളിലും വിസ്മയയ്ക്ക് മര്‍ദനമേറ്റെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒന്നിച്ചു കാറില്‍ യാത്ര ചെയ്ത മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീധനം കുറഞ്ഞുപോയതിന്റെയും കാറിന്റെയും പേരില്‍ മര്‍ദനവും പരിഹാസവും ഭീഷണിയും പതിവായിരുന്നു.
" f
https://www.facebook.com/Malayalivartha























