നിനച്ചിരിക്കാതെയെത്തിയ ദുരന്തങ്ങളില്‍ കുടുംബത്തിന് ആശ്വാസമായി കുഞ്ഞ്.... ഉത്രയുടെ മാതാപിതാക്കളുടെ പ്രതീക്ഷയും സന്തോഷവും ഇനി ആര്‍ജവില്‍....

ഉത്രയുടെ മാതാപിതാക്കളുടെ പ്രതീക്ഷയും സന്തോഷവും ഇനി ആര്‍ജവില്‍.... നിനച്ചിരിക്കാതെയെത്തിയ ദുരന്തങ്ങളില്‍ കുടുംബത്തിന് ആശ്വാസമാണ് കുഞ്ഞ്. അവന്റെ കളിചിരികളില്‍ ഇവര്‍ കുറച്ചുനേരത്തേക്കെങ്കിലും സങ്കടംമറക്കുന്നു.
പാമ്പുകടിയേറ്റുമരിച്ച ഉത്രയുടെ മകന്‍ ഇപ്പോള്‍ ധ്രുവ് അല്ല, ആര്‍ജവാണ്. അച്ഛന്‍ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാര്‍ മാറ്റി ആര്‍ജവെന്നാക്കി.
ആര്‍ജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആര്‍ജവ് എന്നപേര് നല്‍കിയതെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്‍ പറയുന്നു. 2020 മേയ് ഏഴിനാണ് ഏറം വെള്ളാശേരിവീട്ടില്‍ വിജയസേനന്‍-മണിമേഖല ദമ്പതിമാരുടെ മകള്‍ ഉത്ര (25) വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ചത്.
ആദ്യം സ്വാഭാവികമരണമായി കണ്ടെങ്കിലും വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. ഉത്രയുടെ മരണത്തിനുപിന്നാലെ സൂരജിന്റെ വീട്ടുകാര്‍ സ്വത്തിന് അവകാശം ഉന്നയിക്കാനായി കുട്ടിയെ കൊണ്ടുപോയിരുന്നു.
എന്നാല്‍ ശിശുക്ഷേമസമിതി ഇടപെട്ട് കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏല്‍പ്പിക്കുകയായിരുന്നു. അമ്മ മരിക്കുമ്പോള്‍ കുഞ്ഞിന് ഒരുവയസ്സായിരുന്നു. ആര്‍ജവിന് ഇപ്പോള്‍ രണ്ടുവയസ്സും മൂന്നുമാസവുമായിരിക്കുകയാണ്. ഉത്രയുടെ വീട്ടിലാണ് ആര്‍ജവ് കഴിയുന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും മാമന്‍ വിഷ്ണുവിന്റെയും പൊന്നോമനയാണവന്‍.
അമ്മയില്ലാത്തതിന്റെ കുറവുവരുത്താതെയാണ് ഉത്രയുടെ മാതാപിതാക്കള്‍ പേരക്കുട്ടിയെ വളര്‍ത്തുന്നത്. ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് അര്‍ജവ് വളരുന്നത്. എന്നും രാവിലെ എഴുന്നേറ്റാല്‍ അമ്മയുടെ ചിത്രത്തിനുമുന്നില്‍ പോയി തൊഴുത് ഉമ്മകൊടുക്കും. പിന്നീടാണ് മറ്റുകാര്യങ്ങള്‍ ചെയ്യുന്നത്.
ഉത്ര കേസ് ഇപ്പോള്‍ വിചാരണ നടക്കുകയാണ്. ജൂലായ് 10-നുമുന്‍പായി വിചാരണ പൂര്‍ത്തിയാകും.
"
https://www.facebook.com/Malayalivartha























