നടന്റെ പാട്ടെഴുത്ത്: മലരേ... എന്നുയിരിന്‍ വിടരും പനിമലരേ....

മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവച്ച പാട്ടാണ് പ്രേമത്തിലെ ഓരോ പാട്ടും. നടന്‍, ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളില്‍ ശബരീഷ് വര്‍മ്മ എന്ന ചെറുപ്പക്കാന്‍ തിളങ്ങുകയാണ്.
പ്രേമം സിനിമയില്‍ നായകനൊപ്പം കൂട്ടുകാരനായി വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയതു മാത്രമല്ല, ഈ സിനിമയിലെ എല്ലാ പാട്ടുകളെഴുതിയതും ശംഭുവാണ്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സിനിമ സ്വപ്നമായിരുന്നു. മാറമ്പിള്ളി എം.ഇ.എസില്‍ ചേര്‍ന്നപ്പോള്‍ ഒരുമിച്ചു പഠിച്ചതാണ് കിച്ചു (പ്രേമത്തിലെ കോയ), പ്രേമത്തിലെ അസി. ഡയറക്ടര്‍ ആയിരുന്ന മുഹ്‌സിന്‍ കാസിം എന്നിവര്‍. കോളേജിലെ ഞങ്ങളുടെ സീനിയര്‍ ആയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. കോളേജിലെ കലാപരിപാടികളൊക്കെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. അന്നും സിനിമയെ പറ്റിയായിരുന്നു ചര്‍ച്ച. പിന്നെ ആ ചര്‍ച്ച ആലുവാപ്പുഴയുടെ തീരത്തിരുന്നും ആയി. അവിടെയിരുന്ന് 2005ല്‍ ഞങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം പിടിച്ചു. പക്ഷേ, അത് പൂര്‍ത്തിയായില്ല. പിന്നെയാണ് ചെന്നൈയില്‍ സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയത്. അപ്പോഴും കുറേ ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. പലതിലും അഭിനയിക്കുകയും ചെയ്തു. അപ്പോള്‍ ചെയ്ത നേരം എന്ന ഷോര്‍ട്ട് ഫിലിമാണ് നാലുവര്‍ഷത്തിനു ശേഷം \'നേരം\' എന്ന സിനിമയായത്. അത് ശ്രദ്ധിക്കപ്പെട്ടു. രണ്ടാമത്തെ സിനിമയാണ് പ്രേമം. സിനിമ ഒരുമിച്ച് സ്വപ്നം കണ്ട ഞങ്ങളെല്ലാവരും ഒരുമിച്ചാണ് വളര്‍ന്നതും.
അച്ഛന്‍ നന്ദന വര്‍മ്മ എഴുത്തുകാരനാണ്. \'അക്കരെ\' എന്ന സിനിമ അദ്ദേഹമെഴുതിയ കഥയാണ്.മൂന്നുസീരിയലുകളും കുറച്ച് ഡോക്യുമെന്ററികളുമൊക്കെ ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ എന്റെ ജീനില്‍ തന്നെ എഴുത്ത് ഉണ്ടായിരിക്കാം.
അല്‍ഫോണ്‍സ് പുത്രനോടും രാജേഷിനോടും ഞാന്‍ അങ്ങോട്ട് ചോദിക്കുവായിരുന്നു പ്രേമത്തിലെ പാട്ടൊക്കെ ഞാനെഴുതിക്കോട്ടെ എന്ന്. എന്ത് ധൈര്യത്തിലാണ് അവര്‍ സമ്മതിച്ചത് എന്ന് അറിയില്ല. ആലുവ പുഴയുടെ തീരത്ത് എന്ന പാട്ടാണ് ഈ സിനിമയ്ക്ക് വേണ്ടി ആദ്യം എഴുതിയത്. ഞാന്‍ പണ്ടെഴുതിയതാണ്. സീന്‍ കോണ്‍ട്ര, കലിപ്പ് പാട്ടുകള്‍ പ്രേമത്തിന് ചേരും എന്നു കണ്ടപ്പോള്‍ അതും ഉപയോഗിച്ചു.
ഈ സിനിമയില്‍ എനിക്ക് സമ്മര്‍ദ്ദം തന്ന പാട്ടാണ് മലരേ. ഷൂട്ടിന് ഇടയിലായിരുന്നു അതിന്റെ കോംപോസിഷന്‍. കോളേജ് സീനുകളിലഭിനയിക്കുകയായിരുന്നു ഞാനപ്പോള്‍. അതുകൊണ്ട് രാത്രി ഉറക്കമിളയ്ക്കാന്‍ പറ്റില്ലായിരുന്നു. അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴൊക്കെ ഞാന്‍ പാട്ടിലെ വരികളെക്കുറിച്ചായിരുന്നു ആലോചന.
മലരേ പാട്ടിന് കുറച്ചു കൂടി പക്വത വേണമെന്ന് അല്‍ഫോണ്‍സ് എന്നോട് പറഞ്ഞിരുന്നു. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ പവിഴം പോല്‍ എന്ന പാട്ടു പോലെ എന്നായിരുന്നു റഫറന്‍സ്. മറ്റു നിബന്ധനകളൊന്നും അല്‍ഫോണ്‍സോ മ്യൂസിക് ചെയ്ത രാജേഷോ പറഞ്ഞിരുന്നില്ല. പക്ഷേ, അതൊരു പുഴ പോലെ ഒഴുകുന്ന പാട്ടാണ്. അതില്‍ കടുപ്പമുള്ള ഝ, ഢ, ഘ തുടങ്ങിയ ശബ്ദങ്ങളൊന്നും തടസമാകരുതെന്ന് ഞാന്‍ വിചാരിച്ചിരുന്നു. മലരേ പാട്ടിന്റെ രണ്ടാം ഭാഗം കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അത് തുടങ്ങുന്നതും അവസാനിക്കുന്നതും മലരിലാവണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഒടുവില്‍ ആ പാട്ട് പാടി നോക്കിയപ്പോള്‍ എനിക്ക് തന്നെ സന്തോഷമായി. വിചാരിച്ച പോലെ തന്നെ വന്നതിന്റെ സന്തോഷം. മറ്റു പാട്ടുകളെല്ലാം പാടിയത് ഞാന്‍ തന്നെയാണ്. ഈ പാട്ടില്‍ നിവിന് വേറെ ശബ്ദം വരണമെന്നുള്ളതു കൊണ്ട് വിജയ് യേശുദാസിനെ കൊണ്ടു പാടിച്ചു. അദ്ദേഹവും പാട്ടിനോട് നീതി പുലര്‍ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















