കിറ്റെക്‌സ് വിഷയത്തില്‍ വ്യാവസായ മന്ത്രി ഇടപെടുന്നു; കിറ്റെക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കുമെന്ന് മന്ത്രി പി രാജീവ്; മന്ത്രി നയം വ്യക്തമാക്കിയത് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്‍മാറിയ സാഹചര്യത്തില്‍

കിറ്റെക്‌സ് വിഷയത്തില്‍ വ്യാവസായ മന്ത്രി പി രാജീവ് ഇടപെടുന്നു. കിറ്റെക്‌സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ് വിശദീകരിച്ചു. കിറ്റെക്‌സ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കിറ്റെക്‌സില്‍ നടന്നത് മ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നത്.
പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. വ്യവസായവകുപ്പിന്റെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി വ്യക്തമാക്കി. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധന നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായ സര്‍ക്കാര്‍ റെയ്ഡില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ഒപ്പിട്ട 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നെന്നായിരുന്നു കിറ്റെക്‌സ് ഇന്നലെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന അസെന്‍ഡ് നിക്ഷേപക സംഗമത്തിലാണ് അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിലായി വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചത്.
കിഴക്കമ്പലത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയെന്നാണ് കിറ്റക്‌സിന്റെ പരാതി. പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം ക്രമക്കേട് കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ല. പക്ഷേ പരിശോധനകള്‍ പല ദിവസവും ആവര്‍ത്തിക്കുകയാണ്. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും ഇന്നലെ സാബു ജേക്കബ് വിശദീകരിച്ചിരുന്നു.
കിഴക്കമ്പലത്ത് 30 ഏക്കറിലാണ് അപ്പാരല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ വിഭാവനം ചെയ്തിരുന്നത്. സ്ഥലമെടുക്കുകയും വിശദമായ പദ്ധതി രേഖ തയാറാക്കുകയും ചെയ്തിരുന്നെന്ന് സാബു ജേക്കബ് പറഞ്ഞു. നിക്ഷേപം നടത്താന്‍ 5 സംസ്ഥാനങ്ങളില്‍ നിന്നു ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ 11 തവണയാണു കിറ്റെക്‌സ് യൂണിറ്റുകളില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങിയതെന്നു സാബു ജേക്കബ് പറഞ്ഞു. 'ഇനി റിസ്‌ക് എടുക്കാനില്ല. നിലവിലുള്ള സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണു കേരളത്തിലുള്ളത്.
ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ ഉദ്യോഗസ്ഥര്‍ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്തു പോയതല്ലാതെ, എന്തിനാണു പരിശോധിച്ചതെന്നും എന്താണു കണ്ടെത്തിയതെന്നും ഞങ്ങള്‍ ചെയ്ത കുറ്റം എന്താണെന്നും അവര്‍ പറഞ്ഞിട്ടില്ല.
കൊള്ളക്കാരെയും കൊടും കുറ്റവാളികളെയും തീവ്രവാദികളെയും പിടിക്കാന്‍ വരുന്ന രീതിയിലാണ്, 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ പരിശോധനകളെല്ലാം നടത്തിയത്.' പണ്ട് തൊഴിലാളി സമരങ്ങള്‍ മൂലമാണു വ്യവസായങ്ങള്‍ അടച്ചു പൂട്ടിയതെങ്കില്‍ കപട പരിസ്ഥിതിവാദികളും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ് ഇപ്പോള്‍ വ്യവസായത്തിന്റെ അന്തകരായി മാറുന്നതെന്നു സാബു കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























