കിറ്റെക്‌സിനെ സിപിഎം പൊളിക്കും... അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട..... പൊളിക്കുമെന്ന് മാത്രമല്ല കിറ്റെക്‌സിനെ ഓടിക്കും; കിറ്റക്‌സ് ഉടമ സാബു എം.ജേക്കബ് എന്തു പറഞ്ഞാലും കിറ്റെക്‌സിനെ ഓടിക്കാന്‍ തന്നെയാണ് സി പി എമ്മിന്റെ തീരുമാനം

പൊളിക്കുമെന്ന് മാത്രമല്ല കിറ്റെക്‌സിനെ കേരളത്തില്‍ നിന്നും ഓടിക്കുകയും ചെയ്യും. കിറ്റക്‌സ് ഉടമ സാബു എം.ജേക്കബ് എന്തു തന്നെ പറഞ്ഞാലും കിറ്റെക്‌സിനെ ഓടിക്കാന്‍ തന്നെയാണ് സി പി എമ്മിന്റെ തീരുമാനം.ഇതിനു കോണ്‍ഗ്രസിന്റെ കൂടെ പിന്തുണയുണ്ടെന്നതാണ് ബഹുരസം.
കിറ്റെക്‌സ് എന്നാല്‍ ഇടതു വലത് മുന്നണികള്‍ക്ക് ട്വന്റി ട്വന്റ്റിയാണ്. കിഴക്കമ്പലം പഞ്ചായത്തില്‍ 1968 ലാണ് കിറ്റക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്.കുറെ നാള്‍ കഴിഞ്ഞപ്പോള്‍ കമ്പനിക്ക് സമൂഹത്തെ നന്നാക്കണമെന്ന് മോഹം തോന്നി. അതോടെ കഷ്ടകാലവും തുടങ്ങി.
അങ്ങനെ അവര്‍ 2013 ല്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭമാണ് 20 /20 കിഴക്കമ്പലം. കിറ്റക്‌സ് ഉടമകളായ ബോബിയും സാബുവുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 2015 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പിലാണ് ഇവര്‍ കേരളത്തിലെ ഇടതു വലത് മുന്നണികളെ ഞെട്ടിച്ചത്. കിഴക്കമ്പലം പഞ്ചായത്തില്‍ 19 ല്‍ 17 സീറ്റും ഇവര്‍ നേടി. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന തടസ്സങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് കമ്പനി ഇത്തരമൊരു സംരംഭത്തിന് രൂപം കൊടുത്തതെന്നു പറയപ്പെടുന്നുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി കമ്പനി 28 കോടിയാണ് പൊതുജനങ്ങളുടെ നന്മക്കായി വിനിയോഗിച്ചത്. കമ്പനി ജല മലിനീകരണം ഉള്‍പ്പെടെ ഉണ്ടാക്കുന്നുണ്ടെന്നും അത് പരിഹരിക്കാന്‍ വേണ്ടിയാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്നും ഇടതുപക്ഷം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാരണത്താല്‍ കമ്പനിക്ക് ഇതുവരെ സ്ഥിരം ലൈസന്‍സ് ലഭിച്ചിട്ടില്ല.
കുന്നത്തുനാട്ടില്‍ ജനപ്രിയനായിരുന്ന കോണ്‍ഗ്രസ് എം എല്‍ എ വി.പി. സജീന്ദ്രനെ തോല്‍പ്പിച്ച് പി. വി . ശ്രീനിജന്‍ ഇത്തവണ ജയിച്ചത് ട്വന്റി ട്വന്റി മത്സരിച്ചതു കൊണ്ടു മാത്രമാണ്. എറണാകുളം മേഖലയില്‍ ഇടതുപക്ഷത്തിന് സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞതും ട്വന്റി ട്വന്റി ഉണ്ടായിരുന്നതു കൊണ്ടാണ്. എന്നാല്‍ അതേ ശ്രീനിജന്‍ തന്നെ കിറ്റക്‌സിനെ വെട്ടി. 3500 കോടിയുടെ പദ്ധതിയില്‍ നിന്നും കിറ്റക്‌സ് പിന്‍മാറാന്‍ കാരണം ഇടതുസര്‍ക്കാരും ശ്രീനിജനുമാണെന്ന് കിറ്റക്‌സ് എം.ഡി പറയുന്നു.
വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് പ്രകാരമാണ് കമ്പനിയില്‍ പരിശോധന നടത്തിയതെന്ന് എം എല്‍ എ ആവര്‍ത്തിക്കുന്നു. കിഴക്കമ്പലത്തെ ഫാക്ടറിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയത് 11 പരിശോധനകളാണ്. ഇതില്‍ ഒരു ഉദ്യോഗസ്ഥനും കമ്പനിക്ക് നോട്ടീസ് പോലും നല്‍കിയില്ലെന്നാണ് ഉടമകളുടെ വാദം.
അതേ സമയം കിറ്റെക്‌സിന്റെ പ്രശ്‌നങ്ങള്‍ ഗൗരമായി എടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റുവകുപ്പുകളുടെ പരിശോധനകളാണ് നടന്നതെന്നാണ് അറിഞ്ഞതെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടന്ന 'അസെന്‍ഡ് കേരള' സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപപദ്ധതിയില്‍ നിന്നും പിന്മാറുന്നതായി വ്യവസായ ഗ്രൂപ്പായ കിറ്റെക്‌സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്‌സിന്റെ ചെയര്‍മാന്‍ ശ്രീ.സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് വ്യവസായ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ഇടപെടുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കിറ്റക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടു ത്തിയെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫിക്കി, സി ഐ ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.ആ യോഗത്തില്‍ കിറ്റക്‌സ് പ്രതിനിധികളും പങ്കെടുത്തിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തില്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോള്‍ അവ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം.
വ്യവസായ നടത്തിപ്പിനുള്ള കേരളത്തിലെ ഏകജാലക സംവിധാനം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് ഫിക്കിയാണ്. വ്യവസായ തര്‍ക്ക പരിഹാരത്തിന് നിയമ പിന്‍ബലമുള്ള സംവിധാനം രൂപീകരിക്കാന്‍ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്.
വ്യവസായ മേഖലയില്‍ ഉണര്‍വിന്റെ ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുന്‍പേ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രിക്ക് ഇങ്ങനെയൊക്കെയേ സംസാരിക്കാന്‍ കഴിയൂ.എന്നാല്‍ ശ്രീനിജനും സി പി എമ്മിനും എന്തും ചെയ്യാം. അതാണ് സി പി എം മുത്തൂറ്റിനോട് ചെയ്തത്. ട്വന്റി ട്വന്റി മതിയാക്കിയില്ലെങ്കില്‍ കിറ്റക്‌സിന് കേരളത്തില്‍ നില്‍ക്കാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha

























