ദമ്പതികളെ ശല്യം ചെയ്ത യുവാക്കളുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സ്‌കൂട്ടറില്‍ വന്ന ദമ്പതികളെ ശല്യംചെയ്തു പിന്തുടര്‍ന്നിരുന്ന യുവാക്കളുടെ കാര്‍ മറ്റൊരു കാറിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന കൊല്ലം ശക്തികുളങ്ങര സ്വദേശികളായ നെബിന്‍(22), ക്രിസ്റ്റിന്‍ (20), അരുണ്‍ (22), ടെസിന്‍ (20), റോപ്(21) എന്നിവരെ പരുക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു.
ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജങ്ഷനു സമീപം ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ദമ്പതികളെ പിന്തുടര്‍ന്ന സംഘം അശ്ലീല ആംഗ്യം കാട്ടി പിന്തുടരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശല്യം രൂക്ഷമായതോടെ പാതിരപ്പള്ളി ജങ്ഷന്‍ പിന്നിട്ടപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി. എന്നാല്‍, സംഘം വീണ്ടും പിന്തുടരുകയായിരുന്നെന്ന് ദമ്പതികള്‍ പറഞ്ഞു.
കാട്ടൂര്‍ കോര്‍മശേരിവീട്ടില്‍ സുബാബുവിന്റെ കാറിലിടിച്ചാണ് ഇവരുടെ കാര്‍ മറിഞ്ഞത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ സുബാബു കെ.എസ്.ഇ.ബി. കലവൂര്‍ സെക്ഷന്‍ ഓഫീസില്‍ ബില്ലടയ്ക്കാനെത്തിയതായിരുന്നു.
അപകടത്തിനുശേഷം കാറില്‍നിന്നു പുറത്തിറങ്ങിയ യുവാക്കളെ സ്ത്രീകള്‍ ചേര്‍ന്നു കൈകാര്യം ചെയ്യാനൊരുങ്ങി. തുടര്‍ന്ന് ആലപ്പുഴയില്‍നിന്നെത്തിയ അഗ്‌നിശമന സേനയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















