സൗന്ദര്യം കുറവായതിനാല്‍ എന്നെ ആരും സ്‌നേഹിക്കുന്നില്ല... ഇനി എല്ലാം ആര്യ പറയട്ടെ; കോന്നി പെണ്‍കുട്ടികളുടെ കഥ ഇപ്പോഴും ദുരൂഹം

മരണത്തിന്റെ വിളി പോലെയായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. സൗന്ദര്യം കുറവായതിനാല്‍ തന്നെ ആരും സ്‌നേഹിക്കുന്നില്ലെന്ന പോസ്റ്റാണ് ഇട്ടത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ആര്യയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് താന്‍ മരണത്തിലേക്കു നീങ്ങുകയാണെന്ന സന്ദേശം ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ടത്.
കോന്നിയില്‍ നിന്നും കാണാതായി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറുകയാണ്. കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര (17), തേക്കുതോട് പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ രാജി (16) എന്നിവരെയാണ് പാലക്കാട് മങ്കരയ്ക്കടുത്ത് റെയില്‍വേ ട്രാക്കില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടത്. തലയ്ക്ക് മാരകമായി പരിക്കേറ്റ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ (16) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
കാണാതായ ദിവസം മുതല്‍ തന്നെ ഇവരുടെ സഹപാഠികള്‍, സുഹൃത്തുക്കള്‍ ബന്ധുക്കള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുഹൃത്തുക്കളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട്, വാട്ട്‌സ് ആപ് അക്കൗണ്ടുകള്‍ എന്നിവയും പൊലീസ് പരിശോധിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. പിന്നീട് കാണാതായ പ്‌ളസ് ടു വിദ്യാര്‍ത്ഥികളുടെ വീടുകളിലും പരിശോധനകള്‍ നടത്തി.
ആര്യയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. ഫോണ്‍കോളുകളും ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോള്‍ തൃശൂര്‍ പേരാമ്പ്ര സ്വദേശി മനുവുമായി അടുപ്പത്തിലാണെന്ന് പൊലീസ് കണ്ടെത്തുകയും ഇയാളെ ഇക്കഴിഞ്ഞ രാത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ഈ അപ്പോളോ ടയേഴ്‌സ് ജീവനക്കാരന്‍ ഒന്നരവര്‍ഷമായി ആര്യയുമായി പരിചയത്തിലാണെന്നും കഴിഞ്ഞ ആറാം തീയതിയും തന്നെ വിളിച്ച ആര്യ കാണണമെന്ന് ആവശ്യപ്പെട്ടതായും മനു പൊലീസിനോട് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന ആര്യയുടെ കാമുകനാണ് യുവാവ്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷമായി പ്രണയത്തിലാണെങ്കിലും ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്ന് തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ കാമുകന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
കാണാതായ പെണ്‍കുട്ടികളില്‍ ആര്യമാത്രമാണ് ടാബ്‌ലറ്റും മൊബൈല്‍ ഫോണും സ്ഥിരമായി ഉപയോഗിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച ശേഷമാണ് ആര്യ വീടുവിട്ടിറങ്ങിയത്. എന്നാല്‍ ടാബ് ലറ്റ് കൈവശമുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ നാഗര്‍ കോവിലില്‍ എത്തിയ ഐലന്റ് എക്‌സപ്രസില്‍ നിന്ന് മൂന്നു പേരുടെയും ബാഗ് കണ്ടെത്തി. മാവേലിക്കരയില്‍ നിന്ന് ബാംഗ്‌ളൂരിലേക്കുള്ള ടിക്കറ്റും ബാംഗ്‌ളൂര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചതിന്റെ പാസും ഇവരുടെ ബാഗില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ള യുവാവിനെ സംശയത്തിന്റെ പേരില്‍ മാത്രം ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായോ എന്നതടക്കമുള്ളകാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂ.
ടാബിലെ ചാറ്റിംഗ് സൗകര്യവും വാട്ട്‌സ് ആപ്പും ഫേസ് ബുക്കുമെല്ലാം ആര്യ ഉപയോഗിച്ചിരുന്നു. പൊലീസിലെ സൈബര്‍ വിദഗ്ധര്‍ ഇവ പരിശോധിച്ചുവരികയാണ്. ടാബിലെ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള യുവാവ് കഴിഞ്ഞ 11ന് കുട്ടികളെ പത്തനംതിട്ടയില്‍ കാണാമെന്ന സന്ദേശം നല്‍കിയിരുന്നു.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിലെ കുട്ടികളാണ് മൂവരും. രണ്ടര വര്‍ഷം മുമ്പ് ദമാമില്‍ നിന്നുമെത്തിയ ആര്യയുടെ അച്ഛന്‍ സുരേഷ് മകള്‍ക്കു സമ്മാനിച്ച ടാബിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ടാണ് ടാബ് നല്‍കിയത്. ഇതില്‍ വീട്ടുകാര്‍ അറിയാതെ ആര്യ സിം കാര്‍ഡ് ഇടുകയും ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറില്‍ പത്തുദിവസത്തെ എന്‍.എസ്.എസ് ക്യാമ്പിനായി വീട്ടില്‍ നിന്നുപോയ മൂന്നു കുട്ടികളില്‍ രാജി മാത്രമേ ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ളൂവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. രാജിയും ആതിരയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. എന്നാല്‍, കുട്ടികള്‍ മൂവര്‍ക്കും സ്വന്തമായി ഫോണ്‍ ഉണ്ടായിരുന്നതായി സഹപാഠികള്‍ പറയുന്നു. ഇന്നലെ മൃതദേഹത്തോടൊപ്പം രണ്ട് ഫോണുകള്‍ ലഭിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















