ബാര്‍കേസ് ; സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ബാറുടമകള്‍ നിര്‍ബന്ധിച്ചെന്ന് എജി

കേരളാ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ബാറുടമകള്‍ നിര്‍ബന്ധിച്ചെന്ന് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്തഗി. കോടതിയില്‍ ഹാജരാകാനായി അനുമതി തേടിക്കൊണ്ട് നിയമമന്ത്രി സദാനന്ദ ഗൗഡയ്ക്ക് നല്‍കിയ കത്തിലാണ് റോഹ്ത്തഗി ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാകുന്നത് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ബാറുടമകള്‍ക്കായി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ വിളിച്ചുവരുത്തി സദാനന്ദ ഗൗഡ നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ബാറുടമകള്‍ക്കുവേണ്ടി എജി കോടതിയില്‍ ഹാജരാകുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി നിയമോപദേശം തേടിയതെന്നാണ് സൂചന.
ബാറുടമകള്‍ക്കുവേണ്ടി എജി ഹാജരായതില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചിരുന്നു. എജി കോടതിയില്‍ ഹാജരാകുന്നത് പ്രധാനമന്ത്രി ഇടപെട്ട് തടയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയില്‍ ഹാജരാകാന്‍ ബാറുടമകള്‍ നിര്‍ബന്ധിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്തഗി വെളിപ്പെടുത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















