കൊച്ചിയിൽ നാവികസേന ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കൊച്ചിയിൽ ദക്ഷിണ നാവികസേന കേന്ദ്രത്തില്‍ നാവികനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് അലിഗഢ് ശിവപ്രകാശ് അത്രിയുടെ മകന് തുഷാര്‍ അത്രിയാണ് (19) ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നിനാണ് സംഭവം. നാവിക കേന്ദ്രത്തിന്റെ ഭാഗമായ കഠാരിഭാഗില് സുരക്ഷ പോസ്റ്റല്‍ ഡ്യൂട്ടിയ്ക്കിടെയാണ് തുഷാറിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡ്യൂട്ടിയ്ക്കിടെ തുഷാറുമായുള്ള ആശയവിനിമയ ബന്ധം നിലച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. പുതിയതായി ജോലിയില്‍ പ്രവേശിച്ചശേഷം പരിശീലനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം മുമ്ബാണ് തുഷാര്‍ കൊച്ചിയില്‍ ജോലിയില്‍ പരവേശിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണങ്ങളെക്കുറിച്ച് നാവിക കേന്ദ്രം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി ഹാര്‍ബര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ബുധനാഴ്ച തുഷാറിന്റെ ബന്ധുക്കള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് എത്തി മൃതദേഹം ഏറ്റുവാങ്ങും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഹാര്‍ബര്‍ പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha























