ആഡംബര കാറിന് പ്രവേശന നികുതി ഇളവുചെയ്യണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ വിജയ് മദ്രാസ് ഹൈക്കോടതിയിലേക്ക്

ഒരു കാര്‍ ഉണ്ടാക്കിയ പുലിവാലില്‍ നട്ടംതിരിയുകയാണ് നടന്‍ വിജയ്. ആഡംബര കാറിനെതിരെ ഹൈക്കോടതി സ്വീകരിച്ച നടപടിയില്‍ നിന്നും തലയൂരാന്‍ കിണഞ്ഞ പരിശ്രമം നടത്തുകയാണ് വിജയ്.
ആഡംബര കാറിന് പ്രവേശന നികുതി ഇളവുചെയ്യണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ വിജയ് മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് . ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ആര്‍.എന്‍. മഞ്ജുള എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുവാന്‍ ഒരുങ്ങുകയാണ് .
നടനെതിരായ സിംഗിള്‍ ബെഞ്ചിന്റെ പ്രസ്താവനകള്‍ നീക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടതായാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍ . 2012-ല്‍ ഇംഗ്ലണ്ടില്‍നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ പ്രവേശന നികുതിയില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു വിജയ് കോടതിയെ സമീപിച്ചത്.
എന്നാല്‍ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം താരത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ഹര്‍ജി തള്ളി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ യഥാര്‍ഥജീവിതത്തില്‍ 'റീല്‍ ഹീറോ' ആവരുതെന്നും കൃത്യമായി നികുതി അടച്ച് മാതൃകയാകണമെന്നും കോടതി വിമര്‍ശിക്കുകയായിരുന്നു. നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. കാറിന്റെ ഇറക്കുമതി തീരുവ വിജയ് നേരത്തേ കെട്ടിയിരുന്നതാണ്. എന്നാല്‍ പ്രവേശന നികുതി അടച്ചിരുന്നില്ല.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഒരിടയ്ക്ക് വളരെയധികം ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ വിജയ് പോളിംഗ് ബൂത്തിലേക്ക് സൈക്കിളില്‍ പോയതും മാധ്യമങ്ങളില്‍ വമ്പന്‍ വാര്‍ത്തയായിരുന്നു. സൈക്കിളില്‍ വിജയ് പോളിങ് ബൂത്തിലേക്ക് എത്തിയത് ഒരു സാധാരണക്കാരനാണ് എന്ന് ഓര്‍മപ്പെടുത്തുന്നതാണെന്നും വിജയ്യുടെ പിതാവ് പറഞ്ഞിരുന്നു .
https://www.facebook.com/Malayalivartha