ഉയരട്ടെ ഫ്‌ളക്‌സുകള്‍... സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ചിങ്ങം ഒന്നിന് ഒപ്പിടും; നവംബര്‍ ഒന്നിന് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ ചിങ്ങം ഒന്നിന് ഒപ്പിടും. നവംബര്‍ ഒന്നിന് പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടത്തും. അദാനി ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ കരണ്‍ അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി കെ ബാബു അറിയിച്ചതാണ് ഇക്കാര്യം.
നാലു വര്‍ഷത്തിനുള്ളില്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ പദ്ധതി നടന്നില്ലെങ്കില്‍ ഇനി ഒരു കാലത്തും നടക്കില്ലെന്നും ബാബു പറഞ്ഞു. പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ഒരാള്‍ മാത്രമാണ് സമ്മതപത്രം നല്‍കാനുള്ളത്. അത് പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിക്കായി വേണ്ടിവരുന്ന കല്ലുകള്‍ പുറത്ത് നിന്ന് കൊണ്ടുവരുന്നതില്‍ ബുദ്ധിമുട്ടുണ്ട്. കന്യാകുമാരിയില്‍ നിന്ന് കല്ലുകള്‍ കൊണ്ടുവരാനാണ് ആലോചിച്ചിരുന്നത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലേക്ക് കല്ലുകള്‍ കൊണ്ടുപോകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിക്കില്ല. അതിനാല്‍, ഇവിടെത്തന്നെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അദാനി ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറികള്‍ സംബന്ധിച്ച് നിലവിലെ നിയമങ്ങള്‍ പാലിച്ച് ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും ബാബു അറിയിച്ചു. പദ്ധതിയ്ക്ക് കബോട്ടാഷ് ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരായ ബാബു, വി.എസ്.ശിവകുമാര്‍, പി.കെകുഞ്ഞാലിക്കുട്ടി, തിരുവനന്തപുരം എം.പി ശശി തരൂര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















