തെരുവുപട്ടികള്‍ കടിച്ചു മനുഷ്യര്‍ മരിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല: ഹൈക്കോടതി

തെരുവുനായ്ക്കളുടെ കടിയേറ്റു ജനം മരിക്കുന്നതു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നു ഹൈക്കോടതി. തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ രണ്ടു ദിവസത്തിനകം അറിയിക്കാമെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പകര്‍പ്പും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ചേര്‍ന്നതിന്റെ മിനുട്‌സും ഹാജരാക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തെരുവുനായ കടിച്ചു പേവിഷബാധ മൂലം നാലു പേര്‍ മരിച്ചെന്നു ഹര്‍ജിക്കാരനായ അഡ്വ. ബേസില്‍ അട്ടിപ്പേറ്റി കോടതിയില്‍ ബോധിപ്പിച്ചു. അഞ്ചല്‍ സ്വദേശി കുഞ്ഞപ്പന്‍ (56), പിലാത്തറ സ്വദേശി അജയകുമാര്‍ (37), കായംകുളം സ്വദേശി മനോജ് (36), വേങ്ങര സ്വദേശി മുഹ്‌സീന (8) എന്നിവര്‍ പട്ടികടിയേറ്റു മരിച്ചതിന്റെ മലയാള മനോരമ വാര്‍ത്തകളും ഹാജരാക്കി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 1,17,000- ല്‍ കൂടുതല്‍ വരുമെന്നു മന്ത്രി നിയമസഭയെ അറിയിച്ചതായി ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















