സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവരെ പുറത്താക്കണമെന്ന ജയിംസ് കമ്മിറ്റി ശുപാര്‍ശ സുപ്രീം കോടതി റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയിലൂടെ കാസര്‍കോട് സെഞ്ച്വറി ഡന്റല്‍ കോളജില്‍ പ്രവേശനം നേടിയ ഏഴു വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന ജയിംസ് കമ്മിറ്റി ശുപാര്‍ശ സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവരാണ് ഏഴു വിദ്യാര്‍ഥികളുമെന്നും ഈ പരീക്ഷയാണ് പ്രധാനമെന്നും ജഡ്ജിമാരായ അനില്‍ ആര്‍. ദവെ, കുര്യന്‍ ജോസഫ്, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വേണ്ടത്ര കുട്ടികളെ പ്രവേശനത്തിന് ലഭിക്കുന്നില്ലെന്ന് ന്യൂനപക്ഷ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തന്മൂലം ആദ്യം സര്‍ക്കാരിന്റെ പട്ടികയില്‍നിന്നു ലഭിക്കുമോയെന്നു പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
രണ്ടു തവണ പരസ്യം നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന്, പ്രവേശന മേല്‍നോട്ട സമിതിയായ ജയിംസ് കമ്മിറ്റി നടത്തുന്ന പ്രവേശന പരീക്ഷയെ ആശ്രയിക്കാന്‍ കോടതി സെപ്റ്റംബര്‍ 17-നു നിര്‍ദേശിച്ചു. ഇതിനിടെ, സര്‍ക്കാരിന്റെ പട്ടികയില്‍നിന്നുള്ള ഏഴു കുട്ടികള്‍ സെഞ്ച്വറി കോളജില്‍ പ്രവേശനം നേടി.
എന്നാല്‍, തങ്ങള്‍ നടത്തിയ പരീക്ഷയില്‍ വിജയിച്ചവരെ മാത്രമാണു പ്രവേശിപ്പിക്കേണ്ടത് എന്നും ഈ ഏഴു പേരെയും പുറത്താക്കണമെന്നും ജയിംസ് കമ്മിറ്റി വ്യക്തമാക്കി. അതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വേണ്ടത്ര വിദ്യാര്‍ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ താല്‍ക്കാലിക നടപടിയെന്നോണമാണ് പരീക്ഷ നടത്താന്‍ ജയിംസ് കമ്മിറ്റിയോടു നിര്‍ദ്ദേശിച്ചതെന്നും അതുകൊണ്ടു സര്‍ക്കാരിന്റെ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ അയോഗ്യരാകുന്നില്ലെന്നും കോടതി അറിയിച്ചു. സര്‍ക്കാരിന്റെ പരീക്ഷയാണു പ്രധാനമെന്നും അതുകൊണ്ട് ഏഴു പേരെയും റഗുലര്‍ വിദ്യാര്‍ഥികളായി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹുസൈഫ അഹമ്മദി, ഹാരീസ് ബീരാന്‍ എന്നിവരും ജയിംസ് കമ്മിറ്റിക്കുവേണ്ടി ടി.ആര്‍. വെങ്കട സുബ്രഹ്മണ്യവും സംസ്ഥാന സര്‍ക്കാരിനുവേണ്ടി എം.ആര്‍. രമേശ് ബാബുവും ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















