മരണക്കുറിപ്പുമായി ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റിംഗ് ആറിനു മുമ്പ്; എറണാകുളത്ത് ഒരു പകല്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു

മരണക്കുറിപ്പുമായി ആര്യ കെ.സുരേഷ് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിംഗ് കഴിഞ്ഞ ആറിനു മുമ്പുള്ളതാണെന്നു പോലീസ്. കോന്നിയില്‍ നിന്നു കാണാതാകുകയും പിന്നീട് ഒറ്റപ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ആര്യ കെ.സുരേഷ് നടത്തിയിട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിംഗില്‍ താന്‍ ജീവനൊടുക്കുകയാണെന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരുന്നതായി പോലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഒമ്പതിനാണ് ആര്യ, രാജി, ആതിര എന്നീ പ്ലസ്ടു വിദ്യാര്‍ഥിനികളെ കോന്നിയില്‍ നിന്നു കാണാതായത്. ഇവരില്‍ ആതിര, രാജി എന്നിവരെ മരിച്ചനിലയിലും ആര്യയെ ഗുരുതരപരിക്കുകളോടെയും ഒറ്റപ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ 13നു കണ്ടെത്തുകയായിരുന്നു. ഇവരില്‍ ആര്യ കൂടി ഇന്നലെ മരിച്ചതോടെ കേസന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ആര്യയുടേതായി കണ്ടെത്തിയിരിക്കുന്ന ടാബ്്‌ലറ്റ് മാത്രമാണ് ഇനി അന്വേഷണസംഘത്തിനു മുമ്പിലുള്ള കച്ചിത്തുരുമ്പ്. ഇതാകട്ടെ കഴിഞ്ഞ ആറിനുശേഷം ഓണാക്കിയിട്ടില്ലെന്നും പറയുന്നു. യാത്രയില്‍ ആര്യയുടെ കൈവശമുണ്ടായിരുന്ന ടാബ് ബംഗളൂരുവില്‍ കുട്ടികള്‍ 1500 രൂപയ്ക്ക് വിറ്റിരുന്നു.
ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരിച്ച ആര്യയും ആതിരയും ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നു. ഇതിലൂടെ ആര്യ ആതിരയ്ക്കയച്ച പോസ്റ്റിലാണ് മരണത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. തന്നെ ആരും സ്‌നേഹിക്കുന്നില്ലെന്നും സൗന്ദര്യമില്ലാത്തതാണ് പ്രശ്‌നമെന്നും ഇതില്‍ പറയുന്നു. ആറിനു മുമ്പാണ് ഈ പോസ്റ്റിംഗ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ ദുരൂഹമരണത്തേത്തുടര്‍ന്നാണ് പോലീസ് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രതീക്ഷിച്ചത്. ഇതില്‍ നിന്നാണ് മരണക്കുറിപ്പ് കണ്ടെത്തിയത്. കേസന്വേഷണത്തില്‍ നിര്‍ണായകമാകാമെന്നു കരുതുന്ന ടാബ് കോന്നി സിഐയും സംഘവും കോന്നിയിലെത്തിച്ചിട്ടുണ്ട്. ഇത് ഇന്നു പ്രാഥമിക പരിശോധന നടത്തും. പിന്നീട് സൈബര്‍ സെല്ലിനു കൈമാറും.
കോന്നിയില്‍ നിന്നു കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ 11നു പകല്‍ എറണാകുളം ടൗണ്‍ റെയില്‍വേ സ്‌റ്റേഷനിലെ വെയ്റ്റിംഗ് റൂമില്‍ ചെലവഴിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ബംഗളൂരുവില്‍ നിന്നു രാവിലെ എറണാകുളത്തെത്തുന്ന ട്രെയിനില്‍ ടൗണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ കുട്ടികള്‍ സ്ത്രീകളുടെ വിശ്രമമുറിയില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടൂര്‍ ഡിവൈഎസ്പി എ.നസീമും സംഘവുമാണ് തിരിച്ചറിഞ്ഞത്. ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതോടെ എറണാകുളത്തു തങ്ങിയ സംഘം അവിടെനിന്നാണ് വീണ്ടും ബാംഗളൂരുവിലേക്കു തിരിച്ചതെന്നും വ്യക്തമായി. ബാംഗളൂരിലേക്ക് 11നു വൈകുന്നേരം മാത്രമാണ് എറണാകുളത്തു നിന്ന് ട്രെയിനുകള്‍ പുറപ്പെട്ടിരിക്കുന്നത്. കുട്ടികള്‍ അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിന്റെ ചില സൂചനകളും പോലീസിനു ലഭിച്ചിരുന്നു.
ഒരു പകല്‍ കുട്ടികള്‍ എറണാകുളത്തു ചെലവഴിച്ചിട്ടും ഇവരെ തിരിച്ചറിയാന്‍ കഴിയാതെ പോയത് അന്വേഷണത്തിലെ പാളിച്ച വ്യക്തമാക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















