പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ ഏത് വിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെ, ലൈംഗികാതിക്രമം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ നല്‍കേണ്ടതാണ്; ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് ഹൈക്കോടതി

ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച് ഹൈക്കോടതി. ബലാത്സംഗക്കേസുകളില്‍ നിന്ന് പ്രതികള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപെടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ ഏതു വിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കോടതി വ്യക്തമാക്കി. യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്.
പ്രതിയുടെ സ്വകാര്യ അവയവം പെണ്‍കുട്ടിയുടെ തുടകളില്‍ ഉരസിയതിനെയും ബലാത്സംഗമായി തന്നെ കാണാന്‍ സാധിക്കും. പെണ്‍കുട്ടിയുടെ തുടകള്‍ ചേര്‍ത്തു പിടിച്ചുള്ള ലൈംഗികാതിക്രമം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ നല്‍കേണ്ടതാണ്.
ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് എ.എ സിയാദ് റഹ്മാനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ണായക വിധി. സെഷന്‍സ് കോടതി വിധിയ്‌ക്കെതിരായ പ്രതിയുടെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
2015ലാണ് എറണാകുളത്തെ തിരുമാറാടിയില്‍ 11കാരി വയറു വേദനയ്‌ക്ക് ചികിത്സ തേടിയത്. എന്നാല്‍ വിശദമായ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയില്‍ നിന്നും പീഡനം നേരിട്ട വിവരം കുട്ടി വെളിപ്പെടുത്തി.
പോലീസില്‍ പരാതിപ്പെടാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം അതില്‍ നിന്നും വിട്ടു നിന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെടുന്നത്.
പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ ആജീവനാന്ത തടവിന് ശിക്ഷിച്ചു.
എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലതാമസവും ആരോപണം കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. തുടര്‍ന്ന് പോക്‌സോ വകുപ്പ് നീക്കുകയും ആജീവനാന്തം എന്നത് ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























