പാറക്കെട്ടിനുള്ളില്‍ യുവാവിന്റെ ശരീരം കുടുങ്ങിപ്പോയി... ശ്രമകരമായ ദൗത്യത്തിനൊടുവില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
പാറക്കെട്ടിനുള്ളില്‍ യുവാവിന്റെ ശരീരം കുടുങ്ങിപ്പോയി... ശ്രമകരമായ ദൗത്യത്തിനൊടുവില്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
താമരശ്ശേരിയില്‍ പരപ്പന്‍പൊയില്‍ ചെമ്പ്ര കല്ലടപ്പൊയില്‍ ക്വാറിയോട് ചേര്‍ന്ന പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ കല്ലടപ്പൊയില്‍ സ്വദേശി ബിജീഷിനെ (36) ആണ് ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി പാറക്കെട്ടിനുള്ളിലേക്ക് നൂണ്ടുപോയ ബിജീഷ് പിന്നീട് പുറത്തിറങ്ങാനാവാത്തവിധം കല്ലുകള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞരക്കംകേട്ട് സ്ഥലത്തെത്തിയ അയല്‍വാസികളാണ് പാറക്കെട്ടിനുള്ളില്‍ അകപ്പെട്ട യുവാവിനെ കാണുന്നത്. പാറക്കല്ലുകള്‍ക്കടിയില്‍ ഉടല്‍ഭാഗം കുടുങ്ങി ബിജീഷിന്റെ തലയും രണ്ടുകാലുകളും മാത്രമാണ് സ്ഥലത്തെത്തിയവര്‍ പുറത്തുകണ്ടത്.
ഉടന്‍ തന്നെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് താമരശ്ശേരി ഗ്രേഡ് എസ്.ഐ. കെ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബിജീഷിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും പാറക്കല്ലുകള്‍ ദേഹത്തുപതിക്കാന്‍ സാധ്യതയുണ്ടെന്നുകണ്ട് നാട്ടുകാര്‍ നരിക്കുനി അഗ്നിരക്ഷാസേനയുമായി ബന്ധപ്പെട്ടു.തുടര്‍ന്ന്, ഉച്ചയ്ക്ക് രണ്ടുമണിയോടെ നരിക്കുനി അഗ്നിരക്ഷാസേനസംഘം എത്തി.
ഏതാനും പാറക്കല്ലുകള്‍ നീക്കംചെയ്തശേഷം മറ്റുകല്ലുകള്‍ കയറിട്ട് ബന്ധിപ്പിച്ച് അഗ്നിരക്ഷാസേനാംഗങ്ങള്‍ നാട്ടുകാരുടെകൂടി സഹകരണത്തോടെ സാഹസികമായാണ് ഇരുപതുമിനിറ്റിനകം ഇയാളെ പുറത്തെത്തിച്ചത്. ശേഷം .താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. അയല്‍വാസികള്‍ കണ്ടതാണ് യുവാവിന് രക്ഷയായത്.
"
https://www.facebook.com/Malayalivartha