ഗുരുചിത്ത് അടക്കമുള്ള 122 കുട്ടികൾക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്; , 75 ലക്ഷത്തിന്റെ മരുന്ന് ഇനി ഇവരുടെ സഹായത്തോടെ കിട്ടും; ചീഫ് വിപ്പ് എൻ.ജയരാജ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്ന വിഷയത്തിൽ ആശ്വാസപരമായ തീരുമാനവുമായി സർക്കാർ

ജനിച്ചപ്പോൾ മുതൽ വീൽച്ചെയറിലിരിക്കുന്ന ഗുരുചിത്തിന് മരുന്നെത്തിച്ചു നൽകുമെന്നു മന്ത്രിയങ്കിളിന്റെ ഉറപ്പ്. മന്ത്രിയങ്കിളും , എം.പിയങ്കിളും , എം.എൽ.എ അങ്കിളും ഒപ്പം മറ്റു ചില അങ്കിളുമാരും വീട്ടിലെത്തിയതോടെ ഗുരുചിത്ത് ഡബിൾ ഹാപ്പി.തന്റെ ജീവിതത്തിലും രോഗത്തിലും സർക്കാർ ഇടപെടൽ ഉറപ്പായ സന്തോഷത്തിലാണ് ഗുരുചിത്ത് .
തിരുവാതുക്കൽ ചെമ്പകയിൽ പി.അജികേഷിന്റെയും ധന്യയുടെയും മകനായ ഗുരുചിത്തിനെ അപൂർവമായ സ്പൈനൽ മസ്‌കുലർ അട്രോഫി രോഗ ബാധിച്ചിരിക്കുകയാണ്. ഈ മകനെ സന്ദർശിക്കുന്നതിനായാണ് മന്ത്രി റോഷി അഗസ്റ്റിൻ, സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ്, തോമസ് ചാഴികാടൻ എം.പി എന്നിവർ വീട്ടിലെത്തിയത്.
ഇത്തരം രോഗബാധിതരുടെ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്നത് സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജായിരുന്നു. സംഭവം ചർച്ചയായതോടെ സർക്കാർ വിഷയത്തിൽ ഇടപ്പെടുകയും സഹായിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു .
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയുടെ ശ്രദ്ധയിൽ കുട്ടിയുടെ ബന്ധുക്കൾ വിഷയം കൊണ്ടു വരികയായിരുന്നു. തുടർന്ന് ജോസ് കെ.മാണി ജനപ്രതിനിധികളെ വിഷയത്തിന്റെ ഗൗരവം അറിയിക്കുകയും , വിഷയം സർക്കാരിന് മുന്നിലെത്തുകയും ചെയ്തു.
വീട്ടിലെത്തിയ മന്ത്രി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. മരുന്ന് എത്തിക്കുന്നതിനും, നികുതി ഒഴിവാക്കി കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാക്കുന്നതിനും വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്നു തോമസ് ചാഴികാടൻ എം.പി കുടുംബത്തിന് ഉറപ്പു നൽകി.
സംസ്ഥാനത്തെമ്പാടുമുള്ള 122 കുട്ടികളാണ് ഈ രോഗം ബാധിച്ച് ചികിത്സ തേടുന്നത്. ഇവർക്കെല്ലാം വേണ്ടി മരുന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് തോമസ് ചാഴികാടൻ എം.പി നൽകി . വിഷയം സഭയിൽ അവതരിപ്പിച്ച എൻ.ജയരാജ് കാര്യങ്ങൾ കൂടുതൽ വിശദമായി ചോദിച്ച് മനസിലാക്കി.
സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ച് വിൽച്ചെയറിലായ ഗുരുചിത്തിന്റെ ചികിത്സയ്ക്കായി കുടുംബത്തിന് ഒരു വർഷം കണ്ടെത്തേണ്ടത് 75 ലക്ഷം രൂപയാണ് . ഒൻപതാം മാസത്തിലാണ് കുട്ടി രോഗബാധിതനാണ് എന്നു കണ്ടെത്തിയത്. മസിലുകൾ ചുരുങ്ങുന്ന രോഗമായതിനാൽ എഴുന്നേറ്റു നടക്കാനോ, പരസഹായമില്ലാതെ നേരെ ഇരിക്കാനോ പറ്റാത്ത സ്ഥിതിയാണ്.
വിവിധ ആശുപത്രികളിലെ ചികിത്സയും, ഫിസിയോ തെറാപ്പിയും അടക്കമുള്ളവ മാത്രമാണ് നിലവിൽ ചികിത്സയായിട്ട് ചെയ്യുന്നത് . ഇതിനിടെയാണ് കഴിഞ്ഞ വർഷം എസ്.എം.എയ്ക്കുള്ള മരുന്ന് ഇന്ത്യയിൽ എത്തിയത്.
ദിവസവും കഴിക്കേണ്ട ഈ മരുന്നിന്റെ ഒരു വർഷത്തേയ്ക്കുള്ള ഡോസിന് വില 75 ലക്ഷം രൂപയാണ്.ബിസിനസുകാരനാണ് അജികേഷ്. ബിടെക് ബിരുദധാരിയായ ഭാര്യ ധന്യ നേരത്തെ അജികേഷിനെ ബിസിനസിൽ സഹായിച്ചിരുന്നു. കുട്ടിയുണ്ടായതോടെ കുട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിനു വേണ്ടി പൂർണമായും ബിസിനസിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























