നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ വശത്തെ താല്‍ക്കാലിക ലോട്ടറി സ്റ്റാളിലേക്ക് പാഞ്ഞുകയറി! ഏജന്റും വില്പനക്കാരനും തൽക്ഷണം മരിച്ചു

നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ വശത്തെ താല്‍ക്കാലിക ലോട്ടറി സ്റ്റാളിലേക്ക് പാഞ്ഞുകയറി ലോട്ടറി ഏജന്റും അംഗപരിമിതനായ വില്പനക്കാരനും ഉടൻ മരണപെട്ടു. ലോട്ടറി വില്പനക്കാരന് വള്ളികുന്നം കടുവിനാല്‍ പൈനുംമൂട്ടില്‍ വീട്ടില്‍ രാജു (60), ലോട്ടറി ഏജന്റ് ഓച്ചിറ ചങ്ങന്‍കുളങ്ങര ശ്രീജിത്ത് ഭവനം പ്രസന്നന്‍പിള്ള (52) എന്നിവരാണ് മരിച്ചത്.
കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ മരുതൂര്‍കുളങ്ങര സ്വദേശി സുഹൈലിന് നിസ്സാര പരിക്ക് പറ്റി. ഇയാളെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതയില്‍ വവ്വാക്കാവിനും പുത്തന്തെരുവിനുമിടയില് പുലിയന്കുളങ്ങരയില് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനുശേഷമാണ് അപകടം. ഓച്ചിറ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് അമിതവേഗത്തില്‍ വന്ന കാര്‍ റോഡ് സൈഡില്‍ താല്‍ക്കാലികമായി കുട നാട്ടിയ ലോട്ടറി കച്ചവട സ്റ്റാളിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്ന് ദൃസാക്ഷികള്‍ അറിയിച്ചു.
സ്റ്റാളിന് അരികില്‍ നിന്ന ഏജന്റിനെയും വില്പനക്കാരനെയും ഇവരുടെ ഇരുചക്രവാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ എതിര്‍വശത്ത് ചെന്ന് നില്‍ക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെ ഉടന്‍തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പ്രസന്നന്‍പിള്ള ലോട്ടറി മെയിന്‍ ഏജന്റാണ്. ഇദ്ദേഹം പല സ്ഥലങ്ങളിലും കുടകള്‍ വഴിയരികില്‍ നാട്ടി ലോട്ടറി നിരത്തി തൊഴിലാളികളെ കൂലിക്ക് വെച്ച് വില്പന നടത്തുകയാണ് പതിവ്.
അംഗപരിമിതനായ രാജുവിനെ ഏതാനും ദിവസം മുമ്പാണ് ലോട്ടറി വില്പനക്കായി വള്ളികുന്നത്തുനിന്ന് വിളിച്ചുകൊണ്ടുവന്ന് ചങ്ങന്‍കുളങ്ങരയിലെ സ്റ്റാളില്‍ ഇരുത്തിയത്. ഇരുവരുടെയും മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha






















