കോലഞ്ചേരിയിൽ കുട്ടിയെ വളർത്താൻ നിവൃത്തിയില്ലാത്തതിനാൽ , കെഎസ്ആർടിസി ബസിനടിയിലേക്ക് അമ്മ വലിച്ചെറിഞ്ഞു... ജീപ്പ് ഡ്രൈവറുടെ ഇടപെടലിൽ കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്

മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുഞ്ഞിനെ കെഎസ്ആർടിസി ബസിനടിയിലേക്ക് വലിച്ചെറിഞ സംഭവത്തിൽ കുട്ടിക്ക് രക്ഷകനായെത്തിയത് എതിർ ദിശയിൽ നിന്ന് എത്തിയ ജീപ്പ് ഡ്രൈവർ. ഇന്നലെ രാവിലെ 11 മണിയോടെ എറണാകുളം-തേക്കടി സംസ്ഥാന പാതയിൽ വലമ്പൂരിനടുത്ത് തട്ടാംമുകളിലാണ് സംഭവം.
അഞ്ചു കുട്ടികളുണ്ട് യുവതിക്ക്. രണ്ടു വയസുള്ള ഇളയകുട്ടിയുമൊത്ത് ബസ് കാത്ത് നിൽക്കുകയായിരുന്നു ഇവർ. ബസ് വന്ന് നിന്നതിനിടെ വീട്ടിൽ നിന്ന് ഓടിയെത്തിയ മകൻ മുൻ വാതിലിലൂടെ ബസിൽ കയറുകയായിരുന്ന അമ്മയുടെ ചുരിദാറിൽ പിടിച്ച് ചവിട്ടുപടിയിലേക്ക് കയറി. അമ്മ തള്ളിമാറ്റിയതോടെ കുട്ടി പുൽത്തിട്ടയിലേക്ക് വീണു. അമ്മ ബസിലേക്ക് കയറുകയും ചെയ്തു. പുൽത്തിട്ടയിൽ തട്ടി എതിർദിശയിലേക്ക് മറിഞ്ഞ കുട്ടി ബസിന്റെ ചക്രങ്ങൾക്കിടയിലേക്ക് വീഴുകയായിരുന്നു.
എതിർ ദിശയിൽ നിന്നു വന്ന ജീപ്പിന്റെ ഡ്രൈവർ കുട്ടി ബസിനടിയിലേക്ക് വീണതു കണ്ടയുടൻ മുന്നോട്ടെടുത്ത ബസിന് കുറുകെ ജീപ്പിട്ട് തടഞ്ഞു. ജീപ്പിന്റെ ഡ്രൈവർ ചാടിയിറങ്ങി കുട്ടിയെ ബസിനടിയിൽ നിന്ന് വലിച്ചു പുറത്തെടുത്തു.
കുട്ടിയെ രക്ഷിച്ച ജീപ്പ് ഡ്രൈവറോട് കയർത്തു സംസാരിച്ച യുവതി മകനെയും ശകാരിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ നാട്ടുകാർ പ്രകോപിതരായി. യുവതി കുട്ടിയെ മനഃപ്പൂർവം ബസിനടിയിലേക്ക് തള്ളിയിട്ടതാണെന്നായിരുന്നു നാട്ടുകാരുടെ വാദം. ഒടുവിൽ വളർത്താൻ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അമ്മ സമ്മതിക്കുകയായിരുന്നു.
കുന്നത്തുനാട് പൊലീസ് എത്തിയശേഷമാണ് ഇരുനൂറ് മീറ്റർ അകലെയുള്ള വീട്ടിലേക്ക് പോകാൻ യുവതിയെ അനുവദിച്ചത്. യുവതിക്കെതിരെ കേസെടുക്കണമെന്ന് തടിച്ചുകൂടിയവർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. 13 വയസുള്ള മൂത്തമകനും 9 വയസുള്ള മകളും ഇൗ മകനും മൂക്കന്നൂരിലെ ബാലഭവനിലായിരുന്നു. മൂത്ത മകനൊഴികെ രണ്ടുപേരും അടുത്തിടെ വീട്ടിലെത്തി. വീട്ടിൽ നിന്ന് അമ്മയെയും രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും പിന്നീട് കുന്നത്തുനാട് പൊലീസ് ശിശുക്ഷേമസമിതി മുഖാന്തരം പുല്ലുവഴിയിലെ സ്നേഹജ്യോതി ഭവനിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























