മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മൂന്നാം നിലയില്‍നിന്ന് ചാടി മരിച്ചു; മരണപ്പെട്ടത് മലപ്പുറം സ്വദേശി കൃഷ്ണന്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മൂന്നാം നിലയില്‍നിന്ന് ചാടി മരിച്ചു. മലപ്പുറം കല്പകഞ്ചേരി ചെറവന്നൂര്‍ തുറക്കല്പടി കുന്നത്ത് പറമ്ബില്‍ കൃഷ്ണന് (65) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച 3.30 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 24ാം വാര്‍ഡില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
സമീപത്ത് കിടന്ന മകന് അറിയാതെ എഴുന്നേറ്റ് പുറത്തെ വരാന്തയില്‍ പോയി ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. ശബ്ദം കേട്ടയുടന്‍ സുരക്ഷ ജീവനക്കാരും മറ്റു രോഗികളുടെ ബന്ധുക്കളും ഓടിയെത്തി അത്യാഹിത വിഭാഗത്തിലെത്തിച്ചപ്പോഴേക്കും മരിച്ചു.
വൃക്ക രോഗിയായ കൃഷ്ണന് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് വൃക്ക രോഗം മൂര്‍ച്ഛിക്കുകയും ശ്വാസതടസ്സമുള്‍പ്പെടെ അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കോവിഡാനന്തര പ്രശ്നങ്ങള്‍മൂലം മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ഇന്ദിര. മക്കള്‍: അനുരൂപ്, ഷിനി, വിദ്യ. മരുമക്കള്‍: പ്രമോദ് (മാണിയംകാട്), പത്മരാജന് (വട്ടത്താണി), അശ്വനി (കരിങ്കല്ലത്താണി). സഹോദരങ്ങള്‍: നാരായണന്, സരോജിനി, കാര്‍ത്യായിനി, പരേതയായ ലക്ഷ്മി.
https://www.facebook.com/Malayalivartha























