ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2 മാസം മുന്നെ വിവാഹം; തിരുവോണദിവസം അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ബന്ധുക്കളും കുളിക്കാനെത്തി, പെട്ടെന്നുരുണ്ടുകൂടിയ ശക്തമായ തിരമാലയിൽപ്പെട്ടു നാലുപേർ മുങ്ങിത്താണു, അനുരാജിനെ മാത്രം കണ്ടെത്താനായില്ല! കാത്തിരിപ്പിൽ ഭാഗ്യ

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ തിരുവോണദിവസം കുളിക്കാനിറങ്ങിയ ബന്ധുക്കളായ എട്ടംഗ സംഘത്തിലെ കാണാതായ യുവാവിനായി ഇന്നലെയും തിരച്ചിൽ നടത്തി. എന്നാൽ തിരച്ചിൽ വിഫലമാകുകയായിരുന്നു. നഗരൂർ കൊടുവഴന്നൂർ ഗണപതിയാം കോണത്തു വിളയിൽവീട്ടിൽ അനുരാജാ(25)ണു ശക്തമായ ഒഴുക്കിൽപെട്ടു കാണാതായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2 മാസം മുന്നേയാണ് ഭാഗ്യയുടെയും അനുരാജിന്റെയും വിവാഹം നടന്നത്.
ശനിയാഴ്ച വൈകിട്ടു ആറുമണിയോടെയാണു സംഭവം. പെട്ടെന്നുരുണ്ടുകൂടിയ ശക്തമായ തിരമാലയിൽപ്പെട്ടു കുളിക്കാനിറങ്ങിയ നാലുപേർ മുങ്ങിത്താഴുകയായിരുന്നു. കോസ്റ്റൽ വാർഡൻമാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു മൂന്നുപേരെ കരയ്‌ക്കെത്തിച്ചെങ്കിലും അനുരാജിനെ മാത്രം കണ്ടെത്താനായില്ല.
രക്ഷപ്പെട്ട മൂന്നു യുവാക്കളേയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. കാണാതായ അനുരാജിനായി മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റും കോസ്റ്റൽ പൊലീസും സുരക്ഷാസേനയും ഇന്നലെയും സംയുക്ത തിരച്ചിലിൽ ഏർപ്പെട്ടിരുന്നു. തിരുവോണ ദിനത്തിലുണ്ടായ അപകടം തീരത്തെ ആകമാനം ശോകമൂകമാക്കി.
ഓണം നാളുകളിൽ അടുത്ത പ്രദേശങ്ങളിൽ നിന്നു നൂറുക്കണക്കിനു പേരാണു കുടുംബാംഗങ്ങൾക്കൊപ്പം പെരുമാതുറ-മുതലപ്പൊഴി തീരത്തു സന്ദർശകരായെത്തിയത്. അപകടത്തെത്തുടർന്നു മുതലപ്പൊഴിയിൽ ഇറങ്ങുന്നതിനു സുരക്ഷാസേന വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























