കുട്ടിയെ ഒന്ന് നോക്കിക്കോണേ അച്ഛാ എന്ന് പറഞ്ഞതാ... വൈറലായി വീഡിയോ

ഇപ്പോള്‍ മിക്ക കുഞ്ഞുങ്ങളും വളരുന്നത് മാതാപിതാക്കളുടെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ്. എന്നാല്‍ സ്വന്തം അച്ഛനും അമ്മയും അടുത്തില്ലാത്തപ്പോള്‍ കുഞ്ഞുങ്ങളെ നോക്കുക എന്നത് ചിലപ്പോഴെങ്കിലും ഒരു ശ്രമകരമായ കാര്യമായി മാറാറുണ്ട്. എന്നാല്‍ അതെല്ലാം നന്നായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന ചിലരും ഉണ്ടാകും. അങ്ങനെയുള്ള ഒരു മുത്തച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
'കുട്ടിയെ ഒന്ന് നോക്കിക്കോണേ അച്ഛാ എന്ന് പറഞ്ഞതാ' എന്ന ക്യാപ്ഷനോടെ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന വീഡിയോയാണ് വൈറലാകുന്നത്. തറയില്‍ പായില്‍ കിടക്കുന്ന കുഞ്ഞിന്റെ സമീപം കിടന്ന് കഥകളി സംഗീതത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും പറഞ്ഞു കൊടുക്കുന്ന മുത്തച്ഛനാണ് വീഡിയോയില്‍. മുത്തച്ഛന്‍ പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥകളിയുടെ ചരിത്രമെല്ലാം കുഞ്ഞു വാവ ആസ്വദിച്ചു കേള്‍ക്കുന്നുമുണ്ട്. ഒന്നും മനസിലാകുന്നില്ലെങ്കിലും ഇടക്ക് എന്തൊക്കെയോ ശബ്ദങ്ങളും കുഞ്ഞ് ഉണ്ടാകുന്നുണ്ട്. അവസാനം കുഞ്ഞിന്റെ ഒരു ചിരിയുമായാണ് വീഡിയോ അവസാനിക്കുന്നത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരുപാട് പേര്‍ വീഡിയോക്ക് കമന്റും ചെയ്യുന്നുണ്ട്. 'നിങ്ങളാണ് ഏറ്റവും നല്ല മുത്തച്ഛന്‍', 'ഇങ്ങനെ വേണം കുഞ്ഞിനോട് സംസാരിക്കാന്‍' തുടങ്ങിയവ മുതല്‍ ഒട്ടനവധി രസകരമായ കമന്റുകളും വീഡിയോക്ക് താഴെ കാണാം. 'മുത്തശ്ശന് സംസാരിക്കാന്‍ ആരും കൂട്ടില്ലതെ ഇരിക്കുവാരുന്നു', 'ആ മൂത്തശ്ശന്‍ പറയുന്നത് ഒന്നും ആരും മൈന്‍ഡ് ചെയ്യുന്നുണ്ടാവില്ല. പാവം, കുഞ്ഞിനോടെങ്കിലും അദ്ദേഹം അത് ഒക്കെ ഒന്ന് പറഞ്ഞോട്ടെ' എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























