ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് വിജീഷിന്റെ മാതാവും പിതാവും പ്രതിപ്പട്ടികയില്‍.... ഭര്‍ത്താവിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍

ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് വിജീഷിന്റെ മാതാവും പിതാവും പ്രതിപ്പട്ടികയില്‍.... കോറോം സെന്‍ട്രലിലെ കൊളങ്ങരത്ത് വളപ്പില്‍ സുനീഷ(26) ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ മാതാപിതാക്കള്‍ പ്രതിപ്പട്ടികയിലായത്.
പിതാവ് കെ.പി. രവീന്ദ്രന്‍ (61), മാതാവ് കെ.പി. പൊന്നു(55) എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഒന്നാം പ്രതിയായ വിജീഷിനെ പയ്യന്നൂര്‍ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വിജീഷിനെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസില്‍ പൊന്നു രണ്ടും രവീന്ദ്രന്‍ മൂന്നും പ്രതികളായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സുനീഷയെ വിജീഷിന്റെ വീട്ടിലെ കുളിമുറിയുടെ വെന്റിലേറ്ററില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുനീഷ മരിക്കുന്നതിനുമുമ്പായി ഭര്‍ത്താവിന് വിഡിയോകാള്‍ ചെയ്തിരുന്നു. ഇത് പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, ഫോണ്‍ സംഭാഷണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
ആത്മഹത്യക്കു പിന്നില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനമാണെന്ന് സുനീഷയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിജീഷിനെയും മാതാപിതാക്കളെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തത്.
ഒന്നര വര്‍ഷം മുമ്പാണ് സുനീഷയുടെ വിവാഹം നടന്നത്. പ്രേമവിവാഹമായിരുന്നു. വിവാഹശേഷം വിജീഷിന്റെ വീട്ടിലാണ് സുനീഷ കഴിഞ്ഞുവരുന്നത്. മകളെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍ത്ത് പറഞ്ഞയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭര്‍തൃവീട്ടില്‍ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് സുനീഷയുടെ വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























