'ക്വാറന്റൈൻ ലംഘനം കണ്ടെത്തിയാല്‍ കേസ് എടുക്കും'; കോവിഡ് ബാധിതരുടെ ക്വാറന്റൈൻ ഉറപ്പാക്കാന്‍ പോലീസിന്റെ സേവനം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് ബാധിതരായവര്‍ വീടുകളില്‍തന്നെ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസിന്റെ സേവനം വിനിയോഗിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ക്വാറന്റൈന് ലംഘിക്കുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കും.
ഇത്തരം ആള്‍ക്കാരെ പിന്നീട് വീടുകളില്‍ തുടരാന്‍ അനുവദിക്കില്ല. അവരെ സിഎഫ്എല്‍ടിസിയിലേക്കു മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകള്‍ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തെ നിയോഗിക്കും.
കോവിഡ് രോഗികള്‍ക്കു വീടുകളില്‍ തന്നെ ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യങ്ങളുണ്ടോ എന്നു പോലീസ് നേരിട്ടു പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സിഎഫ്എല്‍ടിസിയിലേക്കു മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കില്‍ പോലീസ് സഹായം ലഭ്യമാക്കും.
ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്കാന് പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























