എൻ്റെ ചെറിയ തെറ്റുകൾക്ക് പോലും അമ്മ തന്നത് വലിയ ശിക്ഷകളായിരുന്നു ;ക്ലാസിലെ മറ്റു കുട്ടികൾക്ക് ടീച്ചറുടെ കുട്ടിക്ക് പ്രത്യേക പരിഗണന കിട്ടുന്നു എന്ന് തോന്നാതിരിക്കാനായിരുന്നത്രേ അമ്മ എനിക്ക് കൂടുതൽ ശിക്ഷ നൽകിയിരുന്നത്; വർഷങ്ങൾക്ക് ശേഷം അമ്മ എനിക്ക് നൽകിയ ശിക്ഷ കൂടിപ്പോയെന്നും തെറ്റു പറ്റിയെന്നും പറഞ്ഞ് കണ്ണീർ വാർക്കുന്നതും കണ്ടു;ഈ അദ്ധ്യാപക ദിനത്തിൽ എൻ്റെ അമ്മയോടൊപ്പം , വിദ്യ പകർന്നു നൽകിയ എല്ലാ ഗുരുനാഥൻമാരെയും സ്മരിക്കുന്നു; ഓർമ്മകൾ പങ്കുവച്ച് സന്ദീപ് ജി വാര്യർ

സെപ്തംബർ അഞ്ചാം തീയതി അധ്യാപക ദിനമായിരുന്നു. ഈ ദിവസം ബിജെപി നേതാവ് സന്ദീപ് ജി വാര്യർ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മ തൻ്റെ അദ്ധ്യാപിക കൂടി ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
അമ്മ എൻ്റെ അദ്ധ്യാപിക കൂടി ആയിരുന്നു . സ്കൂളിൽ ചേർക്കുന്നതിന് മുമ്പ് തന്നെ , അമ്മയോടൊപ്പം ചെത്തല്ലൂർ സ്കൂളിലെ സ്റ്റാഫ് റൂമിൽ കയറാനും അദ്ധ്യാപകരുടെ , അമ്മയുടെ സഹപ്രവർത്തകരുടെ സ്നേഹവും ലാളനയും ഒക്കെ ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച ആൾ കൂടിയായിരുന്നു ഞാൻ.
രണ്ടാം ക്ലാസിൽ , സ്വന്തം അമ്മ ക്ലാസ് ടീച്ചറായി വന്നപ്പോൾ , മറ്റു കുട്ടികളേക്കാൾ പീഡനവും താഡനവും ഏറ്റു വാങ്ങേണ്ടി വന്നതും ഞാൻ തന്നെയായിരുന്നു. എൻ്റെ ചെറിയ തെറ്റുകൾക്ക് പോലും അമ്മ തന്നത് വലിയ ശിക്ഷകളായിരുന്നു.
ഒരിക്കൽ അടിയുടെ വേദന സഹിക്കാതെ ക്ലാസിൽ നിന്ന് ഇറങ്ങി സ്കൂൾ മുറ്റത്തു കൂടി ഓടിയത് ഓർക്കുന്നു . മറ്റൊരിക്കൽ അടുത്ത ക്ലാസിൽ പഠിപ്പിച്ചിരുന്ന ജയശ്രി ടീച്ചർ ഓടി വന്ന് അമ്മയുടെ കയ്യിലെ മരത്തിൻ്റെ സ്കെയിൽ ബലമായി പിടിച്ചു വാങ്ങി എന്നെ രക്ഷിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം അമ്മ എനിക്ക് നൽകിയ ശിക്ഷ കൂടിപ്പോയെന്നും തെറ്റു പറ്റിയെന്നും പറഞ്ഞ് കണ്ണീർ വാർക്കുന്നതും കണ്ടു. ക്ലാസിലെ മറ്റു കുട്ടികൾക്ക് ടീച്ചറുടെ കുട്ടിക്ക് പ്രത്യേക പരിഗണന കിട്ടുന്നു എന്ന് തോന്നാതിരിക്കാനായിരുന്നത്രേ അമ്മ എനിക്ക് കൂടുതൽ ശിക്ഷ നൽകിയിരുന്നത് .
അദ്ധ്യാപിക എന്ന നിലയ്ക്ക് അമ്മ ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന ആളായിരുന്നു. തൻ്റെ ക്ലാസിലെ കുട്ടികൾ എല്ലാവരും മികവ് പുലർത്തണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. കലോത്സവത്തിനും കായിക മേളക്കും ശാസ്ത്ര മേളക്കുമൊക്കെ കുട്ടികളെ തയ്യാറെടുപ്പിക്കാൻ അമ്മ മുൻപിലുണ്ടാവുമായിരുന്നു.
പുലർച്ചെ നാലു മണിക്ക് അയൽവാസിയായ ശ്യാമള സിസ്റ്ററോടൊപ്പം പോയി സ്കൂൾ കിണറിൽ നിന്നും വെള്ളം കൊണ്ടുവന്ന് തുടങ്ങുന്ന (അക്കാലത്ത് വീട്ടിൽ പൈപ്പ് വെള്ളം ഇല്ല ) അമ്മയുടെ ദിവസം മിക്കവാറും അവസാനിക്കുന്നത് രാത്രി ഏറെ വൈകി ടീച്ചിംഗ് നോട്ടും മറ്റും എഴുതിയിട്ടാകും .
ഞാനുറങ്ങുമ്പോഴും ഉണരുമ്പോഴും അമ്മ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരിക്കും . ഇതിനിടയിൽ എപ്പോഴാണാവോ അമ്മ ഉറങ്ങിയിരുന്നത് ? എൻ്റെ കുട്ടിക്കാലത്ത് മുഴുവൻ അച്ഛൻ ജോലി സംബന്ധമായി ദൂരത്തായിരുന്നു. ആഴ്‌ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ഒരു ദിവസമാണ് അച്ഛനെ കാണാൻ കഴിയുക .
അതുകൊണ്ടുതന്നെ വീട് നോക്കിയിരുന്നതും അമ്മയായിരുന്നു. സ്കൂൾ വിട്ടു വന്നാൽ അമ്മ നേരെ പറമ്പിലേക്കിറങ്ങും . പണിക്കാർക്കൊപ്പം കാടുവെട്ടാനും തെങ്ങിന് തടമെടുക്കാനും വിറക് പെറുക്കാനും ഒക്കെ നിന്ന് , വിയർത്ത് കുളിച്ചാണ് അമ്മ വീട്ടിൽ കയറുക .
അമ്മ മാത്രമായിരിക്കില്ല , നമ്മളെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും. വീടും കുടുംബവും ഒക്കെ നോക്കുമ്പോഴും മറ്റു കുട്ടികളെയും സ്വന്തം കുട്ടികളെ പോലെ കണ്ട് അവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്ന ഏക വിഭാഗം അദ്ധ്യാപകരായിരിക്കും . ഈ അദ്ധ്യാപക ദിനത്തിൽ എൻ്റെ അമ്മയോടൊപ്പം , വിദ്യ പകർന്നു നൽകിയ എല്ലാ ഗുരുനാഥൻമാരെയും സ്മരിക്കുന്നു.
രോഗം ഓർമ്മയുടെ ചരടുകൾ ഓരോന്നായി അമ്മയിൽ നിന്ന് മുറിച്ച് മാറ്റുമ്പോഴും , ഇടക്ക് ഞാനമ്മയോട് ചോദിക്കാറുണ്ട് , കലോത്സവത്തിന് എന്നെ പഠിപ്പിച്ച ആ കവിത ഒന്ന് ചൊല്ലാമോ ..
വ്യക്തമല്ലെങ്കിലും പുഞ്ചിരിച്ചു കൊണ്ട് അമ്മ ചൊല്ലും ...
" ആവണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു "
https://www.facebook.com/Malayalivartha

























