തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി

സമീപ കാലത്തോ വിദൂരഭാവിയിലോ ഒരു യുദ്ധം ഉണ്ടാവുകയും, ശത്രു സൈന്യത്തിന്റെ ഒരു ഡ്രോണോ, മിസൈലോ നമ്മുടെ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് രാജ്യ തലസ്ഥാനത്ത് പ്രവേശിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും?
റഷ്യ നമുക്ക് നൽകിയ അതിശക്തമായ എസ് 400 സംവിധാനങ്ങളെയും, നമ്മൾ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് തീറിനെയും മറി കടന്ന് കൊണ്ട് അങ്ങനെയൊരു സാധ്യത അസംഭവ്യമാണ്, നിലവിൽ. ആവർത്തിക്കുകയാണ്.. “നിലവിൽ.. “എന്നാൽ ഭാവിയിൽ അങ്ങെനെയൊരു സാധ്യത ഉണ്ടായിക്കൂടാ എന്നില്ല.സാങ്കേതിക വിദ്യ അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിരന്തരം പരിവർത്തനം ചെയ്തു കൊണ്ടല്ലാതെ നിലനിൽപ്പ് അസാധ്യമാണ്.
അതുകൊണ്ട് തന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് അവരുടെ തലസ്ഥാനം സംരക്ഷിക്കാൻ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്.അത് ഏറ്റവും കൂടുതൽ മനസിലാക്കുന്ന ഒരു വിഭാഗമാണ് ഇന്ത്യൻ സൈന്യം.ആ ശ്രേണിയിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് നമ്മുടെ രാജ്യം.
തദ്ദേശീയമായി നിർമ്മിച്ച ഒരു കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാമാണ് നമ്മുടെ രാജ്യ തലസ്ഥാനത്ത് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് വെപ്പൺ സിസ്റ്റം (IADWS) എന്നാണതിന്റെ പേര്..
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇന്റഗ്രേറ്റഡ് എയർ ഡിഫെൻസ് വെപ്പൺ സിസ്റ്റം, ഒഡീഷയുടെ തീരങ്ങളിൽ രാജ്യം വിജയകരമായി ടെസ്റ്റ് ചെയ്തത്..
ഇത് രാജ്യ തലസ്ഥാനത്ത് വിന്യസിക്കാനാണ് സൈന്യം ഒരുങ്ങുന്നത്.. ഇതിനു കാരണം ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന്റെ ഭാഗത്ത് നിന്നുണ്ടായ ചില നീക്കങ്ങളാണ് .അതിനെ കുറിച്ച് പറയാൻ ഒരല്പം പുറകോട്ട് പോകാം
"ഓപ്പറേഷൻ സിന്ദൂർ" - ലോകത്തിന് മുമ്പിൽ നമ്മുടെ സൈന്യം ഭാരതത്തിന്റെ യുദ്ധ പാടവവും സാങ്കേതിക ശേഷിയും വിളംബരം ചെയ്ത മഹാ സംഭവം. നമുക്ക് ഇത്രയൊക്കെ കഴിവുകൾ ഉണ്ടായിരുന്നു എന്ന്, ലോക രാജ്യങ്ങളും എന്തിന് ഇവിടത്തെ സാധാരണക്കാർ വരെ തിരിച്ചറിഞ്ഞ നിമിഷം.
ചൈനയുടെ കൊട്ടിഘോഷിക്കപ്പെട്ട വ്യോമ പ്രതിരോധ സംവിധാനങ്ങളെ കത്തിച്ചു കളഞ്ഞും , അമേരിക്കൻ നിയന്ത്രണത്തിലുള്ള കിരായ കുന്നുകളെ തകർത്തെറിഞ്ഞതും, ഭാരതത്തിന്റെ സൈന്യം തലയുയർത്തി നിന്നപ്പോൾ ലോക രാജ്യങ്ങൾ തന്നെ ഒരല്പം അതിശയപ്പെട്ടു.
എന്നാൽ ഓപ്പറേഷൻ സിന്ദൂർ നമുക്ക് ചില അപായ സൂചനകളും നൽകിയിരുന്നു എന്ന വസ്തുത മറന്നു കൂടാ. അതിൽ ചിലതാണ് നമ്മുടെ രാജ്യത്തെ ലക്ഷ്യമാക്കി അയൽരാജ്യത്ത് നിന്നും നിരന്തരം വന്നു കൊണ്ടിരുന്ന ഡ്രോണുകൾ.
ഈ വർഷം മെയ് മാസത്തിൽ, സിന്ദൂറിന്റെ കാലഘട്ടത്തിൽ നമ്മുടെ അയൽരാജ്യം ഭാരതത്തെ, നമ്മുടെ രാജ്യ തലസ്ഥാനത്തെ
ലക്ഷ്യമിടാൻ ശ്രമിച്ചു എന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നു. ന്യൂഡൽഹി, ലോകഭൂപടത്തിലെ ഏറ്റവും സുപ്രധാനമായ ഭരണസിരാകേന്ദ്രങ്ങളിൽ ഒന്നാണ്… ദില്ലി NCR-ന്റെ പ്രാധാന്യം വെറും ഒരു നഗരം എന്നതിലുപരിയാണ്.
പാർലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ ഓഫീസ്, സുപ്രീം കോടതി, പ്രതിരോധ മന്ത്രാലയം, അതീവ രഹസ്യ സ്വഭാവമുള്ള സൈനിക കേന്ദ്രങ്ങൾ, ദേശീയ തലത്തിലുള്ള വാർത്താവിനിമയ ശൃംഖലകൾ എന്നിവയെല്ലാം ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. യുദ്ധമുണ്ടായാൽ ശത്രുക്കൾ ആദ്യം ലക്ഷ്യമിടുന്നത് ഈ നിർണ്ണായക സ്ഥാപനങ്ങളെയായിരിക്കും.
ഈ വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ ദില്ലി നാഷണൽ കാപ്പിറ്റൽ റീജിയണിന് (NCR) ഒരു പുതിയ കവചം ആവശ്യമാണ്. ആ കവചം ഒരുങ്ങിക്കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് .
പൂർണ്ണമായും തദ്ദേശീയമായി, ഇന്ത്യയുടെ മണ്ണിൽ നിർമ്മിച്ച ഒരു സംയോജിത വ്യോമ പ്രതിരോധ സംവിധാനം (Integrated Air Defence Weapon System - IADWS) ദില്ലിയുടെ ആകാശത്ത് വിന്യസിക്കാൻ രാജ്യം നീങ്ങുകയാണ്.
മിസൈലുകൾ, ചാര ഡ്രോണുകൾ, അതിവേഗം വരുന്ന ശത്രു വിമാനങ്ങൾ.
പഴയ പ്രതിരോധ സംവിധാനങ്ങൾ മതിയാവില്ല. ഒന്നിലധികം തട്ടുകളുള്ള, ഒരേ സമയം പലതരം ഭീഷണികളെ നേരിടാൻ കഴിവുള്ള ഒരു മൾട്ടി-ലേയേർഡ് സംവിധാനം അത്യാവശ്യമാണ്. ആ ആവശ്യം നിറവേറ്റാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തദ്ദേശീയമായ ഈ പദ്ധതിക്ക് ഇപ്പോൾ വേഗം കൂട്ടുന്നത്.
വർഷങ്ങൾക്ക് മുൻപ്, ദില്ലിക്ക് വേണ്ടി ഇന്ത്യ അമേരിക്കൻ നിർമ്മിത NASAMS-II (നാഷണൽ അഡ്വാൻസ്ഡ് സർഫസ് ടു എയർ മിസൈൽ സിസ്റ്റം-II) സംവിധാനം വാങ്ങാൻ പദ്ധതിയിട്ടിരുന്നു. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യെയും അവിടുത്തെ വൈറ്റ് ഹൗസിനെയും സംരക്ഷിക്കുന്ന ഈ സംവിധാനം മികച്ചതായിരുന്നു. ഇരു രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിക്കുകയും ചെയ്തു.
എന്നാൽ, അമേരിക്ക ആവശ്യപ്പെട്ട അമിതമായ വില കാരണം ഇന്ത്യൻ സർക്കാർ ആ കരാറുമായി മുന്നോട്ട് പോകാതെ ഒരു ധീരമായ തീരുമാനം എടുത്തു. ഉയർന്ന വിലയ്ക്ക് വിദേശ സാങ്കേതികവിദ്യ വാങ്ങുന്നതിന് പകരം, സ്വന്തം രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളെ വിശ്വസിച്ച്, തദ്ദേശീയമായ ഒരു സംവിധാനം വികസിപ്പിക്കുക എന്നതായിരുന്നു ആ തീരുമാനം. 'ആത്മനിർഭർ ഭാരത്' എന്ന ദൗത്യത്തിന് ഇത് നൽകുന്ന കരുത്ത് വലുതായിരുന്നു . സ്വന്തം സുരക്ഷയ്ക്കായി മറ്റൊരു രാജ്യത്തെ ആശ്രയിക്കേണ്ടതില്ല എന്ന ശക്തമായ സന്ദേശമാണ് ഈ നീക്കം ലോകത്തിന് നൽകുന്നത്.
ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) ആണ് ഈ പുതിയ സംയോജിത വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അഥവാ IADWS ന്റെ നട്ടെല്ല്. ഈ പ്രതിരോധ വലയം പ്രധാനമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈൽ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാനമായും രണ്ട് തരം മിസൈൽ സംവിധാനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്:
ക്വിക്ക് റിയാക്ഷൻ സർഫസ് ടു എയർ മിസൈൽ സിസ്റ്റം (QRSAM): പേര് സൂചിപ്പിക്കുന്നത് പോലെ അതിവേഗം പ്രതികരിക്കാൻ കഴിവുള്ള ഈ സംവിധാനം, കുറഞ്ഞ ദൂരപരിധിയിൽ വരുന്ന വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും കൃത്യതയോടെ തകർക്കും.
വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS): ഏറ്റവും അടുത്ത ദൂരത്തുനിന്നുള്ള ഭീഷണികളെ നേരിടാനും, പൈലറ്റില്ലാത്ത വിമാനങ്ങളെയും മറ്റ് ചെറിയ ആകാശ ലക്ഷ്യങ്ങളെയും നിർവീര്യമാക്കാനും VSHORADS സഹായിക്കും.
ഈ രണ്ട് സംവിധാനങ്ങൾക്കൊപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും ചേർന്നാണ് മൾട്ടി-ലേയേർഡ് പ്രതിരോധം സാധ്യമാക്കുന്നത്.
ഇത്രയും സങ്കീർണ്ണമായ ഒരു പ്രതിരോധശൃംഖലയെ ഏകോപിപ്പിക്കാൻ നെറ്റ്വർക്കിംഗും 'കമാൻഡ് ആന്റ് കൺട്രോൾ' സംവിധാനങ്ങളും അത്യാവശ്യമാണ്. ഈ നിർണ്ണായക ഘടകങ്ങൾ വികസിപ്പിക്കാൻ DRDO, ഇന്ത്യയിലെ ഉൽപ്പാദന ഏജൻസികളുമായി കൈകോർക്കും.
ക്വിക്ക് റിയാക്ഷൻ സർഫസ് ടു എയർ മിസൈൽ സിസ്റ്റം-ഉം മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈലും (MRSAM) ഉൾപ്പെടെ നിരവധി പ്രതിരോധ സംവിധാനങ്ങൾ DRDO ഇതിനോടകം വിജയകരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിനും പുറമെ, ദീർഘദൂര സർഫസ് ടു എയർ മിസൈൽ വികസിപ്പിക്കാനുള്ള 'പ്രൊജക്റ്റ് കുശ' എന്ന വലിയ പദ്ധതിയുടെ പണിപ്പുരയിലാണ് ഗവേഷകർ. ഈ തദ്ദേശീയ പ്രതിരോധ മുന്നേറ്റം ഇന്ത്യയുടെ സാങ്കേതിക ശേഷിയിൽ ലോകരാജ്യങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കാൻ സഹായിക്കും.
തദ്ദേശീയ പ്രതിരോധത്തിന് പ്രാധാന്യം നൽകുമ്പോഴും, ഇന്ത്യയുടെ പ്രതിരോധ നയം ഒരു സമഗ്രമായ സമീപനമാണ് സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ റഷ്യൻ നിർമ്മിത S-400 'സുദർശൻ' മിസൈൽ സംവിധാനത്തിന്റെ ബാക്കിയുള്ള രണ്ട് സ്ക്വാഡ്രനുകൾ കൂടി എത്രയും പെട്ടെന്ന് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
അതുപോലെ, S-400-നേക്കാൾ നൂതനമായ S-500 പ്രതിരോധ സംവിധാനം നൽകാനുള്ള റഷ്യയുടെ നിർദ്ദേശവും പ്രതിരോധ വൃത്തങ്ങൾ സജീവമായി പരിഗണിക്കുന്നുണ്ട്. തദ്ദേശീയമായ QRSAM/VSHORADS, വിദേശ പങ്കാളിത്തത്തോടെയുള്ള S-400/S-500 എന്നിവ സംയോജിപ്പിക്കപ്പെടുന്നതോടെ, ദില്ലിയുടെ ആകാശത്തിന് മുകളിൽ ഒരൊറ്റ ശത്രു വിമാനത്തിനും കടന്നുചെല്ലാൻ സാധിക്കാത്ത ഒരു ഇരുമ്പുകോട്ട സ്ഥാപിക്കപ്പെടും.
ഈ സംയോജിത വ്യോമ പ്രതിരോധ സംവിധാനം, ദില്ലിയുടെ നിർണ്ണായകമായ ആകാശ അതിർത്തികളെ എല്ലാത്തരം ഭീഷണികളിൽ നിന്നും സമ്പൂർണ്ണമായി സംരക്ഷിക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന ഉറപ്പ്. ഇത് ഇന്ത്യൻ സൈന്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, ആഗോള പ്രതിരോധ ഭൂപടത്തിൽ ഇന്ത്യയെ ഒരു സുപ്രധാന ശക്തിയായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ചരിത്രപരമായ ഒരു ചുവടുവെപ്പാണ്.
https://www.facebook.com/Malayalivartha

























