നിപക്ക് സമാനമായ ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ കണക്കെടുക്കാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്; ആശുപത്രിയിലുള്ളത് 32 പേര്‍, എട്ട് പേര്‍ക്ക് രോഗലക്ഷണം; ഫലം ഇന്ന് വൈകീട്ടോടെ

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നത് 32 പേര്‍. ഇന്നലെ മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കത്തിൽ പെട്ടവരാണ് ഇവർ. ഇവരില്‍ കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്.
ഏഴ് പേരുടെ സാമ്പിള്‍ പരിശോധന ഫലം പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് വൈകീട്ടോടെ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കുട്ടിയുമായി ഇടപഴകിയ 251 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നത്. കുട്ടിയുടെ ആഗസ്റ്റ് 27 മുതലുള്ള റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഇന്നലെ പ്രസിദ്ധികരിച്ചതാണ്.
അതിനിടെ, മരിച്ച 12കാരന്‍റെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പനി ബാധിതരുടെ കണക്കെടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിപക്ക് സമാനമായ ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുണ്ടോയെന്നും പരിശോധിക്കും.
മേഖലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാത്തമംഗലം പഞ്ചായത്തില്‍ മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ ബാധയുടെ ഉറവിടം കണ്ടെത്താനായി മൃഗസംരക്ഷണ വകുപ്പ് പരിശോധന തുടങ്ങി. മരിച്ച കുട്ടിയുടെ വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാമ്ബിളുകള്‍ പരിശോധിക്കും. ഇതിന്‍റെ ഭാഗമായി രണ്ട് മാസം മുന്‍പ് അസുഖം വന്ന ആടിന്‍റെ രക്തവും സ്രവവും ശേഖരിക്കും.
വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിച്ച മേഖലയില്‍ കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇവയുടെ സ്രവം ലഭിച്ചാല്‍ ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കും.
കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്‍പ് വീട്ടിലെ ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. ഇതിനെ കുട്ടി പരിചരിച്ചിരുന്നു. ഇത് രോഗത്തിന് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്‍റെ സ്രവം പരിശോധനക്കെടുത്തത്. കാട്ടുപന്നിയെ പിടികൂടി പരിശോധിക്കാനായി വനംവകുപ്പിന്‍റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.
https://www.facebook.com/Malayalivartha

























