കാശുള്ളവന് എന്തും ആകാമെന്നാണോ? രവി പിള്ളയുടെ മകന്റെ വിവാഹത്തിന് വില കൊടുക്കേണ്ടി വരും... എല്ലാവർക്കും ഒരേപോലെ, അത് മതി...

വ്യവസായി രവി പിള്ളയുടെ മകന്റെ പ്രൗഢഗംഭീരമായി വിവാഹം സോഷ്യൽ മീഡിയയിലൂടെയും മറ്റും എല്ലാവരും കണ്ടതാണ്. ഈ കൊവിഡ് സമയത്ത് ഇത്രയും ആർഭാഡത്തിന് ദേവസ്വം ബോർഡ് കൂട്ട് നിൽക്കുവാണോ എന്ന ചോദ്യമാണ് എല്ലാവരുടേയും മനസ്സിൽ ആദ്യം ഉദിച്ചത്. തൊട്ട് പിന്നാലെ ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായിട്ടാണ് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നതും.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്നു നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം ഉണ്ടായിട്ടും നിരവധി പേർ പങ്കെടുത്തുവെന്നും വിവാഹത്തിൻറെ ദൃശ്യങ്ങളിൽ വലിയ ആൾക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു.
ഈ വിഷയത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് കെ ബാബു എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ തെളിവായി സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്ന് നിരീക്ഷിച്ച കോടതി ആ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ എത്ര കല്യാണം നടന്നുവെന്നും ചോദിച്ചിട്ടുണ്ട്. ഇത് പ്രകാരം കേസെടുക്കാൻ തന്നെയാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
തൃശൂർ എസ് പി, സെക്ടറൽ മജിസ്‌ട്രേറ്റ് എന്നിവരെ കക്ഷി ചേർത്താണ് കേസ് മുന്നോട്ട് പോവുക. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ വലിയ ആൾക്കൂട്ടം പങ്കെടുത്തെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് രവി പിള്ളയ്ക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം ചുമതലയുള്ള റവന്യൂ സെക്രട്ടറിക്കും കൂടാതെ തൃശൂർ ജില്ലാ പൊലീസ് മേധാവി, ഗുരുവായൂർ ക്ഷേത്രം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റ്, എന്നിവർക്കും നോട്ടീസ് നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
നടപ്പന്തലിൽ പുഷ്പാലങ്കാരം നടത്താൻ രവി പിള്ളയ്ക്ക് അനുമതി നൽകിയിരുന്നതായും മോഹൻലാലിന്റെ കാർ നടപ്പന്തലിൽ എത്തിയ സംഭവത്തിൽ സുരക്ഷാ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നതായും അഡ്മിനിസ്ട്രേറ്റർ നേരത്തേ കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു. വിവാഹത്തിനായി നടത്തിയ അലങ്കാരം പുഷ്പാലങ്കാരമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹത്തിനായി ഒരു കല്യാണ മണ്ഡപം പ്രത്യേകം പുഷ്പാലങ്കാരം നടത്തിയിരുന്നു. ഇത് ഈ വിവാഹത്തിന് വേണ്ടി മാത്രമായി തയ്യാറാക്കിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം വിവാഹത്തിനായി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിരുന്നോ എന്നും ഇവർ ക്ഷേത്രത്തിൽ എത്തിയ മറ്റു ഭക്തരെ തടഞ്ഞോ എന്നും കോടതി സംശയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാർ ആണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. വിവാഹത്തിന് നടപ്പന്തലിൽ കട്ടൗട്ടുകളടക്കം ഉപയോഗിച്ച് അലങ്കരിച്ചുവെന്നായിരുന്നു വാർത്തകൾ. തുടർന്ന് നടപ്പന്തൽ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു രവി പിള്ളയുടെ മകൻ ഗണേഷും ബംഗളൂരുവിൽ ഐ ടി കമ്പനി ജീവനക്കാരിയായ അഞ്ജനയും തമ്മിലുള്ള വിവാഹം നടന്നത്. മോഹൻലാലും ഭാര്യ സുചിത്രയുമടക്കമുള്ള നിരവധി പ്രമുഖർ പങ്കെടുത്ത വിവാഹത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























