ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം; ജിഎസ്ടി പരിധിയില്‍ ആക്കാന്‍ തീരുമാനം, ക്യാന്‍സര്‍ മരുന്നിന് വില കുറയും

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയില്‍ ആക്കാന്‍ തീരുമാനം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നികുതി ചോര്‍ച്ച തടയുകയാണ് ലക്ഷ്യം. 2022 ജനുവരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാന്‍ ആരംഭിക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക.
ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓണ്‍ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക. അതേസമയം ക്യാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. ഇതോടെ ക്യാന്‍സര്‍ മരുന്നുകളുടെ വില കുറയും.
അതിനിടെ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. വിഷയം പീന്നീട് വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്നിരിക്കുകയാണ്. ഡീസല്‍ വിലയിലും സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ജൂണില്‍ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്തത്.
എന്നാല്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പുറമേ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ചേര്‍ന്ന് ഒറ്റക്കെട്ടായി പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്.
https://www.facebook.com/Malayalivartha


























