രമേശ് ചെന്നിത്തല രാജിവച്ചു; കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളുടെ പ്രധാന പദവികളിൽ നിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനമൊഴിഞ്ഞു, രാജിസമർപ്പിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബർ 24-ാം തീയതി, തലമുതിർന്നവരെ ഒഴിവാക്കി, പുതുനേതൃത്വത്തിന് അധികാരം കൈമാറിയതിൽ ആകെ വെട്ടിലായി ഹൈക്കമാൻഡ്

കെപിസിസിയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളുടെ പ്രധാന പദവികളിൽ നിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചു. പാർട്ടി ചാനലായ ജയ്ഹിന്ദ്, മുഖപത്രമായ വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, കെ കരുണാകരൻ ഫൗണ്ടേഷൻ എന്നിവയിലെ പദവികളിൽ നിന്നാണ് രമേശ് ചെന്നിത്തല സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 24-ാം തീയതിയാണ് സ്ഥാനം ഒഴിയുന്നതായി കാണിച്ചുള്ള രാജിസമർപ്പിച്ചത്. കെപിസിസി അദ്ധ്യക്ഷനാണ് ഈ പദവികൾ വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ വാദം. എന്നാൽ ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം തലമുതിർന്നവരെ ഒഴിവാക്കി, പുതുനേതൃത്വത്തിന് അധികാരം കൈമാറിയതിൽ ആകെ വെട്ടിലായിരിക്കുന്നത് ഇപ്പോൾ ഹൈക്കമാൻഡാണ്. കെ സുധാകരനും വി ഡി സതീശനും അധികാരമേറ്റത് മുതൽ തുടങ്ങിയ പരാതികളും പ്രശ്നങ്ങളും നാൾക്കുനാൾ വർദ്ധിച്ചുവരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പടനീക്കങ്ങളെ ഗ്രൂപ്പിന്റെ ഭാഗമായിക്കണ്ട് പ്രതിരോധിച്ച നിലവിലെ നേതൃത്വത്തിന് പക്ഷെ, വി എം സുധീരന്റെയും മുല്ലപ്പള്ളിയുടേയും പ്രതികരണങ്ങളോടെ ഉത്തരംമുട്ടിയിരിക്കുകയാണ്.
ഉമ്മൻചാണ്ടി, ചെന്നിത്തല, സുധീരൻ, മുല്ലപ്പള്ളി എന്നീ നേതാക്കൾക്ക് ഉള്ളത് ഒരേ പ്രശ്നങ്ങൾ എന്നാണ് വ്യക്തമാകുന്നത്. നേതൃത്വത്തിന്റെ ഏകാധിപത്യശൈലിക്കെതിരെയാണ് ഇപ്പോൾ പൊതു വിമർശനം ഉയരുന്നത്. ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയുമൊക്കെ ഉന്നയിച്ച പരാതികൾ താരിഖ് അൻവർ റിപ്പോർട്ടായി ഡൽഹി നേതൃത്വത്തിന് കൈമാറുന്നതാണ്.
അതോടൊപ്പം തന്നെ അനുനയ നീക്കവുമായി എത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ നീക്കം പാളിയതോടെ ഗുരുതര സാഹചര്യമാണ് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയിലെന്ന് ഹൈക്കമാൻറിനും ബോധ്യപ്പെട്ടു കഴിഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഉന്നയിച്ച ആവശ്യമായ കൂടിയാലോചനകളില്ലെന്ന പരാതി തന്നെയാണ് ഗ്രൂപ്പിന് അതീതമായി നിൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഉയർത്തികാട്ടിയിരിക്കുന്നത്.
അങ്ങനെ ഇരുവരും പരാതിക്കെട്ട് നിരത്തിയപ്പോൾ പ്രശ്‌ന പരിഹാരത്തിനുള്ള ഫോർമുല മുന്നോട്ട് വെയ്ക്കാൻ താരീഖ് അൻവറിനും സാധിച്ചിട്ടില്ല. വി എം സുധീരനെ കൊണ്ട് രാജി എങ്ങനേയും പിൻവലിപ്പിക്കണമെന്നായിരുന്നു ഹൈക്കമാന്റ് താൽപര്യം പ്രകടിപ്പിച്ചത്. അതിനാലാണ് കടുത്ത നിലപാടിലുള്ള സുധീരനെ താരീഖ് അൻവർ നിർബന്ധമായും നേരിൽ കാണണമെന്ന് ഹൈക്കമാന്റ് നിർദേശിച്ചത്. നേതാക്കൾ മുന്നോട്ട് വെച്ച പരാതികളിൽ കാര്യമുണ്ടെന്ന് ഹൈക്കമാന്റിനും ഒരു പരിധി വരെ ബോധ്യപ്പെട്ടിട്ടുമുണ്ട്.
അതേസമയം ഇത് പരിഹരിക്കാതെ പുനസംഘടനാ നടപടികൾ അത്യപ്രതിയില്ലാതെ പൂർത്തീകരിക്കാനും കഴിയില്ല എന്നതാണ് മറ്റൊരു പ്രശ്നം. എല്ലാവരേയും ഒറ്റകെട്ടായി കൊണ്ടു പോകണമെന്ന ആവശ്യം രമേശ് ചെന്നിത്തലയും താരീഖ് അൻവറിന് മുന്നിൽ വച്ചിട്ടുണ്ട്. താരീഖ് അൻവർ നൽകുന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഹൈക്കമാന്റ് ചില തിരുത്തൽ നടപടികൾ കൈകൊള്ളുമെന്നാണ് ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുടെ പ്രതീക്ഷ. എന്നാൽ പുതിയ നേതൃത്വത്തെ ദുർബലപ്പെടുത്താതെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഹൈക്കമാന്റ് താൽപര്യം.
കൂടാതെ മുതിർന്ന നേതാക്കളെ ഒപ്പം നിർത്തുകയും പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാൻ സുഗമമായ പാതയൊരുക്കുകയും ചെയ്യുകയെന്നതാവും ഹൈക്കമാന്റ് സ്വീകരിക്കുന്ന ശൈലി. അതൃപ്തികൾക്കിടയിലും പുനസംഘടന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നീക്കം. താമസിയാതെ മുതിർന്ന നേതാക്കളുടെ സാന്നിദ്യത്തിൽ പട്ടിക മുന്നിൽ വെച്ചുള്ള ചർച്ചകളിലേക്ക് കടക്കുന്നതാണ്.
https://www.facebook.com/Malayalivartha






















