പിണറായിയുടെ ഭാഗ്യം മാവുങ്കന്‍ തീര്‍ത്തേനേ; സോളാര്‍ സരിത ചെവിയില്‍ മന്ത്രിക്കുന്ന ചിത്രം ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തകര്‍ത്തതിനെക്കാള്‍ കഷ്ടമാകുമായിരുന്നു ഗധയുമായി ബഹ്‌റയുടെ ടിപ്പു സിംഹാസനത്തിലെ ഇരിപ്പ്, ഇനി എന്താകുമോ എന്തോ?

കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് മോന്‍സണ്‍ മാവുങ്കല്‍ അംശവടിയും കുന്തവും സിംഹാസനവുമായി പോലീസ് പിടിയിലാകുന്നതെങ്കില്‍ പിണറായി വിജയന്റെ രാഷ്ട്രീയഗതി മറ്റൊന്നാകുമായിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് വിവാദത്തില്‍ മുന്‍പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറായിരുന്നു താരമെങ്കില്‍ മാവുങ്കല്‍ തിരുമേനിയ്ക്ക് സര്‍വസൗകര്യവും ഒരുക്കിയിരുന്നത് സാക്ഷാല്‍ പോലീസ് മേധാവി ലോക്‌നാഥ് ബഹറയായിരുന്നുവെന്നുവെന്ന ആരോപണത്തില്‍ പിണറായി വിജയന്റെ ഗതികേട് ഏത് അവസ്ഥയിലാകുമായിരുന്നു.
മോന്‍സണ്‍ മാവുങ്കലിന്റെ തിരുശേഷിപ്പുകള്‍ തിരിച്ചടിക്കുകയും ദൈവങ്ങള്‍ അഞ്ഞടിക്കുകയും ചെയ്തിരുന്നെങ്കില്‍ പിണറായി വിജയന്‍ രണ്ടാമൂഴം മുഖ്യമന്ത്രികസേരയില്‍ എത്തുമായിരുന്നോ എന്നുതന്നെ സംശയിക്കണം. ടിപ്പുവിന്റെ സിംഹാസനത്തില്‍ പോലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബഹ്‌റ ഇരിക്കുന്നതും മനോജ് എബ്രഹാം പള്ളിവാളുമായി നില്‍ക്കുന്നതും ഐജി സുരേന്ദ്രന്‍ പൂത്തിരി കത്തിക്കുന്നതുമായ ചിത്രങ്ങള്‍ മാത്രം മതിയായിരുന്നു പിണറായി വിജയന്‍ നിലംപൊത്താന്‍. മുന്‍പ് സോളാര്‍ സരിത ചെവിയില്‍ മന്ത്രിക്കുന്ന ചിത്രം ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തകര്‍ത്തതിനെക്കാള്‍ കഷ്ടമാകുമായിരുന്നു ഗധയുമായി ബഹ്‌റയുടെ ടിപ്പു സിംഹാസനത്തിലെ ഇരിപ്പ്. തെരഞ്ഞെടുപ്പു കഴിയുകയും വീണ്ടും സംസ്ഥാന ഭരണം പിടിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലം പിണറായിക്കു തലയൂരി രക്ഷപ്പെടാം. പക്ഷെ പോലീസ് മേധാവി പദവിയില്‍ നിന്ന് ഒഴിഞ്ഞയുടന്‍ മനസാക്ഷിസൂക്ഷിപ്പുകാരനായിരുന്ന ബഹ്‌റയെ കൊച്ചി മെട്രോയുടെ തലപ്പത്തെത്തിച്ച പിണറായി വൈകാതെ മെട്രോ മേധാവിയെ പുറത്താക്കാന്‍ നിര്‍ബന്ധിതനാകുമെന്നതില്‍ സംശയം വേണ്ട. ഒന്നുകില്‍ ബഹ്‌റ സ്വമേധയാ രാജിവെയ്ക്കും അതല്ലെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പു പുറത്താക്കും എന്നത് തീര്‍ച്ച.
മാവുങ്കല്‍ മോന്‍സണ്‍ പുണ്യവാനും സ്വപ്‌നാ സുരേഷും ശിവശങ്കരനും ലോക് നാഥ് ബഹ്‌റയുമൊക്കെ ചങ്ങായിമാരായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ പിണറായി വരുംദിവസങ്ങളില്‍ ഞെരുങ്ങാനും വെള്ളംകുടിക്കാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്നാ സുരേഷിന് കൊച്ചിയിലും ബാംഗളൂരിലും ഒളിത്താവളമൊരുക്കിയത് മോന്‍സണ്‍ മാവുങ്കലാണെന്ന കഥകളാണ് പുറത്തുവരുന്നത്.
തനിക്കുള്ള ഉന്നത പൊലീസ് ബന്ധം ഉപയോഗപ്പെടുത്തി സ്വപ്‌നയ്ക്കു വീട്ടില്‍ തന്നെ ഒളിത്താവളമൊരുക്കിയെന്നാണ് കരുതുന്നത്. സ്വപ്നയ്ക്കും സംഘത്തിനും പൊലീസില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്ന് തുടക്കത്തില്‍തന്നെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബഹ്‌റ ഉള്‍പ്പെടെയുള്ള പോലീസ് പ്രമാണികള്‍ സംശയത്തിന്റെ നിഴലിലാവുകയാണ്. സ്വര്‍ണക്കടത്തിനുപിന്നാലെ സ്വപ്‌നാ സുരേഷ് തിരുവനന്തപുരത്തുനിന്നു മുങ്ങി ഒരാഴ്ചയോളം തൃപ്പൂണിത്തുറയിലാണ് താമസിച്ചിരുന്നത്. അന്ന് തൃപ്പൂണിത്തുറയില്‍ സ്വപ്‌നാ സുരേഷിന് ഒളിത്താവളം ഒരുക്കിയതിനുപിന്നില്‍ മോന്‍സണ്‍ മാവുങ്കലും കൊച്ചിയിലെ പോലീസ് പ്രമാണികളും ഇടപെട്ടിരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. സ്വപ്‌നാ സുരേഷിന് റോഡ്മാര്‍ഗം ബാംഗളൂരിലേക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയതിനു പിന്നിലും പോലീസിന്റെ വഴിവിട്ട സഹായം ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്.
സ്വപ്‌നാ സുരേഷ് കൊച്ചിയിലേക്ക് മുങ്ങിയതായി പൊലീസിന് രഹസ്യവിവരം ലഭിക്കുകയും ചെയതിട്ടും ഇവരെ പിടിക്കാന്‍ പൊലീസ് മിനക്കെടാതിരുന്നതിലെ ദുരൂഹതയും സംശയം ജനിപ്പിക്കുന്നതാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് റോഡില്‍ രാവും പകലും പൊലീസിന്റെ വ്യാപക പരിശോധനയുള്ളപ്പോഴാണ് അവരുടെ കണ്ണുവെട്ടിച്ച് സ്വപ്നയും സംഘവും ബാംഗളൂരിലേക്ക് കടന്നത്. സ്വപ്നയും കൂട്ടരും കൊച്ചിയിലേക്ക് കടന്നെന്ന് മാധ്യമവാര്‍ത്ത വന്നപ്പോള്‍ നഗരത്തില്‍ പേരിനൊരു പരിശോധന നടത്താന്‍ മാത്രമാണ് കൊച്ചി സിറ്റി പൊലീസ് തയ്യാറായത്. ഏതാനും ദിവസം സ്വപ്‌നാ സുരേഷ് മോന്‍സണ്‍ മാവുങ്കന്റെ സംരക്ഷണയില്‍ ഇയാളുടെ ഒളിത്താവളത്തില്‍ കഴിഞ്ഞിരുന്നതായുള്ള സൂചനകളും പുറത്തുവരികയാണ്.
ഒരു പേടിയും കൂടാതെ ഒളിവില്‍ പാര്‍ക്കാന്‍ കഴിയുന്ന സുരക്ഷിത താവളമാണ് കൊച്ചിയില്‍ മോന്‍സന്റെ ബംഗ്‌ളാവ്. അത്യന്താധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഈ മാളികയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സുരക്ഷാ ജീവനക്കാരുടെ വന്‍ പടയും പോലീസ് സുരക്ഷയും എപ്പോഴും വീടിനുമുന്നിലുണ്ടായിരുന്നു. ഉന്നതങ്ങളില്‍ നിന്നുളള നിര്‍ദ്ദേശപ്രകാരം ബീറ്റ് ബോക്സ് അടക്കം മോന്‍സന്റെ വീടിനുമുന്നില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബഹറയുമായുള്ള മോന്‍സന്റെ ബന്ധം മറനീക്കി പുറത്തുവന്നതോടെ സംശയം കൂടുതല്‍ ശക്തമാകുകയാണ്. മാത്രവുമല്ല പുരാവസ്തുലിന്റെ മറവില്‍ മോന്‍സണ് സ്വര്‍ണക്കടത്തും മയക്കുമരുന്നു കച്ചവടവുമുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കളും ഈ കള്ളപ്പണം ഇടപാടുകളില്‍ നിക്ഷേപം നടത്തുകയും പങ്കുപറ്റുകയും ചെയ്തതായി വ്യക്തമാണ്. മാവുങ്കന്‍ കൈകാര്യം ചെയ്തിരുന്ന പണം ആരുടെ അക്കൗണ്ടിലൂടെയായിരുന്നുവെന്നതിലും ദുരൂഹതയേറുന്നു.
തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്‍സണ്‍ മാവുങ്കന്‍ ഇപ്പോള്‍ ക്രൈം ബ്രാഞ്ചിനോടു പറഞ്ഞിരിക്കുന്നത്. മകളുടെ കല്യാണത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നുമാണ് മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ ആരുടെയൊക്കെയോ ബിനാമിയാണ് മോന്‍സണ്‍ എന്ന സംശയത്തിനു പിന്നിലുള്ളത്. ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് തട്ടിയത് 6.27 കോടി രൂപയാണ്.
പത്തനംതിട്ട സ്വദേശി രാജീവില്‍ നിന്ന് 1.62 കോടിയും. ഇതിനു പുറമേ കോഴിക്കോട് സ്വദേശി യാക്കൂബില്‍ നിന്നുള്‍പ്പെടെ ആറുപേരില്‍ നിന്ന് തട്ടിയത് 10 കോടി രൂപയോളവും. ഇങ്ങനെ പരാതി വന്നതു മാത്രം 18 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേയാണ് വിദേശനിര്‍മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികള്‍. കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല ഇടതുനേതാക്കള്‍ക്കും മോന്‍സണുമായി ബന്ധമുണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇടതുചേരിയില്‍ ആരൊക്കെയുമായിട്ട് ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നതാണ് പുറത്തുവരാനുള്ളത്. വിദേശനിര്‍മിത കാറില്‍ നോട്ടെണ്ണല്‍ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാള്‍ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റല്‍ ഇടപാടുകളോ നടന്നാല്‍ രേഖയാവും എന്നതാവാം കാരണം.
കോടിക്കണക്കിന് രൂപ മോന്‍സണിലൂടെ കൈമറിഞ്ഞതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വയനാട്ടിലെ എസ്റ്റേറ്റ്ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി 68 ലക്ഷം രൂപ മോന്‍സണ്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ രാജീവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആസന്നമായിരിക്കെ മോന്‍സണ്‍ മാവുങ്കന്‍ പിണറായി സര്‍ക്കാരില്‍ മോശമല്ലാത്ത പണിയാണ് കൊടുത്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഭൂലോക തട്ടിപ്പുകാരന്റെ അതിഥിയിലും ഇരയും ആരാധകനുമായി അയാളുടെ അധോലോക കേന്ദ്രത്തില്‍ ഇരിപ്പുറപ്പിച്ചതില്‍പരം മറ്റൊരു നാണക്കേട് പിണറായി വിജയന് വരാനില്ല. ഡിജിപിയുടെ നീക്കങ്ങളും ബന്ധങ്ങളും സ്ഥിരമായി നിരീക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംവിധാനമുണ്ടായിരിക്കെയാണ് ബഹ്‌റ ഉള്‍പ്പെടെ പോലീസ് മേധാവികള്‍ മാവുങ്കലാശാന്റെ കളത്തില്‍ ഓച്ചാരം പറ്റിനില്‍പ്പുറപ്പിച്ചതെന്നത് പിണറായി വിജയന്റെ പിടിപ്പുകേടായി വിലയിരുത്തപ്പെടാം.
https://www.facebook.com/Malayalivartha























