എന്തിനെടാ ഈ ക്രൂരത... കാമ്പസിനെ നടുക്കിയുള്ള കൊലപാതകത്തില്‍ അഭിഷേകിന്റെ മൊഴി പുറത്ത്; പ്രണയം നിരസിച്ചാല്‍ സ്വന്തം കൈത്തണ്ട മുറിക്കാനാണ് തീരുമാനിച്ചിരുന്നത്; ക്യാംപസില്‍ വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല

കോവിഡ് കാരണം അടച്ചിരുന്ന കാമ്പസുകള്‍ വളരെ കാലങ്ങള്‍ക്ക് ശേഷം സജീവമായി വരികയായിരുന്നു. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം. പ്രതി അഭിഷേകിന്റെ മൊഴിയും പുറത്തായി.
പ്രണയം തുടരാന്‍ അഭ്യര്‍ഥിക്കാനും അതിനു വഴങ്ങിയില്ലെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണു തീരുമാനിച്ചിരുന്നതെന്നാണ് പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞത്. കൈത്തണ്ട മുറിക്കുമ്പോള്‍ സഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസില്‍വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് പറഞ്ഞതായി ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.
വീട്ടുകാര്‍ക്ക് ഈ ബന്ധത്തോടു താല്‍പര്യമില്ലായിരുന്നു. പക്ഷേ പിന്മാറിയില്ല. ഒരു വര്‍ഷം മുന്‍പ് നിതിനമോള്‍ തന്റെ വീട്ടില്‍ എത്തിയിരുന്നതായും മൊഴിയിലുണ്ട്.
അഭിഷേകിനേക്കാള്‍ പ്രായമുണ്ട് പെണ്‍കുട്ടിക്ക്. പ്രണയത്തെ അനുകൂലിച്ചിരുന്നില്ല എന്ന് അഭിഷേകിന്റെ പിതാവ് യു.സി. ബൈജുവും പൊലീസിനു മൊഴി നല്‍കി.
കൊലപാതകത്തില്‍ ശക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ പൊലീസിനു സഹായകമാകും. കൊലപാതകത്തിനു ദൃക്‌സാക്ഷികള്‍ ഉണ്ട്. പ്രതിയായ അഭിഷേക് പൊലീസ് എത്തുന്നതു വരെ സംഭവ സ്ഥലത്തു തന്നെ നില്‍ക്കുകയും ചെയ്തു. അഭിഷേകിന്റെ ഷര്‍ട്ടും ദേഹത്തെ രക്തത്തിന്റെ സാംപിളും പൊലീസ് ശേഖരിച്ചു. ഡിവൈഎസ്പി ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ പാലാ എസ്എച്ച്ഓ കെ.ടി. ടോംസണ്‍ അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു.
ക്യാംപസിന് ഇന്നലത്തെ പകല്‍ തീരാവേദനയുടേതായിരുന്നു. രാവിലെ ഒന്‍പതിനു തന്നെ ബി വോക് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ എല്ലാവരും പരീക്ഷയ്ക്ക് എത്തിയതായി അധ്യാപകന്‍ ജെറിന്‍ പറയുന്നു. പരീക്ഷ 9.30 മുതല്‍ 12.30 വരെയാണ്. പരീക്ഷ തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കു ഹാള്‍ വിടാം. പതിനൊന്നോടെ അഭിഷേക് ഹാള്‍ വിട്ടിറങ്ങി. 5 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിതിനയും ഇറങ്ങി. ഓഡിറ്റോറിയത്തില്‍ നിന്നു 150 മീറ്റര്‍ അകലെ കോളജിനു പുറത്തേക്കുള്ള വഴിയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
അഭിഷേക് നടക്കുന്നതിനിടെ പലതും ചോദിച്ചെങ്കിലും നിതിന ഒന്നും പറഞ്ഞില്ല. തന്റെ കസ്റ്റഡിയിലായിരുന്ന നിതിനയുടെ ഫോണ്‍ അഭിഷേക് തിരിച്ചു കൊടുത്തു. ഫോണ്‍ കിട്ടിയ വിവരം നിതിന അമ്മയെ വിളിച്ചു പറഞ്ഞു. അമ്മേ ഇവന്‍ വട്ടം പിടിച്ചിരിക്കുകയാണ്, വിടുന്നില്ല എന്നുകൂടി പറഞ്ഞു. ഇതുകേട്ടയുടന്‍ അഭിഷേക് പോക്കറ്റില്‍നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നാണു കേസ്. ഇതിനിടെ അഭിഷേകിന്റെ കയ്യിലും മുറിവേറ്റു. തെര്‍മോക്കോള്‍ മുറിക്കുന്ന തരത്തിലുള്ള കട്ടര്‍ (എന്‍ടി കട്ടര്‍) ക്യാംപസില്‍നിന്നു പൊലീസ് കണ്ടെടുത്തു. നിതിനയുടെ മൊബൈല്‍ ഫോണും സംഭവസ്ഥലത്തു വീണു കിടന്നിരുന്നു.
രണ്ടു വിദ്യാര്‍ഥികള്‍ മരച്ചുവട്ടില്‍ സംസാരിക്കുന്നതു ശ്രദ്ധയില്‍പെട്ടതു കൊണ്ടാണു ഗേറ്റില്‍നിന്ന് അവരുടെ അടുത്തേക്കു നടന്നതെന്നു കോളജിലെ സുരക്ഷാ ജീവനക്കാരന്‍ കെ.ടി.ജോസ് പറഞ്ഞു. കുട്ടികള്‍ നിന്നിടത്തുനിന്ന് ഏതാണ്ട് 150 മീറ്റര്‍ അകലെയാണു ഗേറ്റ്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടികളെ കൂടിനിന്നു സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇക്കാര്യം പറയാനാണു പോയത്.
എന്നാല്‍ പെട്ടെന്ന് ആണ്‍കുട്ടി പെണ്‍കുട്ടിയെ പിടിച്ചുതള്ളുന്നതായി കണ്ടു. ഓടിയെത്തിയപ്പോഴേക്കും പെണ്‍കുട്ടി വീണിരുന്നു. അടുത്ത് എത്തിയപ്പോള്‍ രക്തം തെറിക്കുന്നതാണു കണ്ടത്. സമീപത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ അവന്‍ അവളെ കുത്തി എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ഉടനെ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു. അദ്ദേഹവും അധ്യാപകരും മറ്റു ജീവനക്കാരും ഓടിയെത്തുകയും നിതിനയെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തുവെന്ന് ജോസ് പറഞ്ഞു. അഭിഷേകിന് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു.
"
https://www.facebook.com/Malayalivartha























