ഇന്ന് ഗാന്ധി ജയന്തി... മഹാത്മാഗാന്ധിയെ രാജ്യം സ്നേഹത്തോടെ പ്രണമിക്കുന്ന ദിനം...

ഇന്ന് ഗാന്ധി ജയന്തി... മഹാത്മാഗാന്ധിയെ രാജ്യം സ്നേഹത്തോടെ പ്രണമിക്കുന്ന ദിനം. ഗാന്ധിയുടെ ചിന്തകളില്‍ നിന്നും ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്.
സമൃദ്ധവും അനുകമ്പയുള്ളതുമായുള്ള രാജ്യം പടുത്തുയര്‍ത്താന്‍ സഹായിക്കുന്ന ആശയങ്ങളാണ് രാഷ്ട്രപിതാവിന്റേത്. ഐക്യരാഷ്ട്രസംഘടന ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. 152ാം ജയന്തി വര്‍ഷത്തിലും ഗാന്ധിജി ഇന്നും ലോകത്തിന് വിസ്മയമാണ്.
152ാം ജന്മവാര്‍ഷികത്തില്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തും.
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും ഉണ്ടാകും. സംസ്ഥാന സര്‍ക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.
ലോകമെങ്ങും ഗാന്ധിജിയുടെ ആദര്‍ശത്തില്‍ പ്രചോദിതരായ നേതാക്കള്‍ ഉണ്ടാകുന്നു. ഗാന്ധിജിയേയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളേയും സ്വതന്ത്രഭാരതം എങ്ങനെ കൈകാര്യം ചെയ്തു എന്ന് ചിന്തിക്കാനുള്ള നല്ല ദിവസം കൂടിയാണിന്ന്.
സ്വതന്ത്ര ഭാരതത്തില്‍ 'ഗാന്ധി' പ്രതിനിധാനം ചെയ്യുന്ന ലളിതമായ ജീവിതവും തൊഴിലിന്റെ മഹത്ത്വവും സ്വാശ്രയരാക്കുന്ന വിദ്യാഭ്യാസവും മറ്റ് ആദര്‍ശങ്ങളും ജനജീവിതത്തിന്റെ ഭാഗമായില്ല. അതിനായി പരിശ്രമിക്കേണ്ടിയിരുന്നവര്‍ കാര്യമായി പരിശ്രമിച്ചുമില്ല.
വെള്ളക്കാരില്‍ നിന്ന് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തവര്‍ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ക്കും ചിന്തകള്‍ക്കും ചെവികൊടുത്തില്ല. അഴിമതിയും ആഡംബരജീവിതവും മുഖമുദ്രയാക്കിയവര്‍ ഖദറിട്ട് മിനുങ്ങി ഗാന്ധിയന്‍ തത്ത്വങ്ങള്‍ പറയാന്‍ തുടങ്ങിയതോടെ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജനജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായി.
അഹിംസ, സത്യഗ്രഹം, ബ്രഹ്മചര്യം, ശുചിത്വം, സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം, പ്രാര്‍ത്ഥന, സ്വദേശി വസ്തുക്കളുടെ ഉപയോഗം, സ്വരാജ്, എന്നിവ ഗാന്ധിജിക്ക് വെറുമൊരു ആശയം മാത്രമായിരുന്നില്ല. അത് ഗാന്ധിജിക്ക് ആദ്ധ്യാത്മിക സാധനയും സമരായുധവുമായിരുന്നു.
ഏതൊരു മഹാത്മാവിന്റെയും ഉചിതമായ സ്മരണകള്‍ നിലനിര്‍ത്തുന്നത് അവര്‍ മുന്നോട്ടു വെച്ച ജീവിതാദര്‍ശങ്ങള്‍ പുതിയ തലമുറ മനസിലാക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമ്പോഴാണ്. ഗാന്ധി ദര്‍ശനം അറിയാനുള്ള അവസരമായി ഗാന്ധി ജയന്തി ദിനത്തെ കാണാം. മഹാത്മാഗാന്ധിയുടെ ജയന്തി വെറും ആഘോഷമായി മാത്രം കൊണ്ടാടാനുള്ളതല്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്ദേശം അടുത്തറിഞ്ഞ് സമൂഹത്തിലെ ഏവര്‍ക്കും ഗുണകരമായവ പ്രയോഗത്തില്‍ കൊണ്ടുവരാം.
"
https://www.facebook.com/Malayalivartha























