കേരളത്തിലെ ആദ്യത്തെ വനിതാ ബ്ലോക്ക് റിസോഴ്സ് സെന്റർ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു;അന്ന് തുടങ്ങിയ വനിതാ ക്യാന്റീൻ ഇന്നും തുടരുന്നു;ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് ഡോ. തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.
കേരളത്തിലെ ആദ്യത്തെ വനിതാ ബ്ലോക്ക് റിസോഴ്സ് സെന്റർ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു. അന്ന് തുടങ്ങിയ വനിതാ ക്യാന്റീൻ ഇന്നും തുടരുന്നുവെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേരളത്തിലെ ആദ്യത്തെ വനിതാ ബ്ലോക്ക് റിസോഴ്സ് സെന്റർ വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റേതായിരുന്നു. അന്ന് തുടങ്ങിയ വനിതാ ക്യാന്റീൻ ഇന്നും തുടരുന്നു. വനിതാ റഫറൻസ് ലൈബ്രറിയ്ക്ക് രൂപം നൽകി. പാർപ്പിട ശുചിത്വ പരിപാടികളുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കായുള്ള മേശൻ പരിശീലന കേന്ദ്രവും സാനിട്ടറി മാർട്ടും സ്ഥാപിച്ചു. വനിതാ സൂപ്പർമാർക്കറ്റ് സ്ഥാപിച്ചു.
റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ സത്രീകൾക്ക് സൈക്കിൾ പരിശീലനം ഫോട്ടോഗ്രാഫി പരിശീലനം, വീഡിയോഗ്രാഫി പരിശീലനം, സോപ്പ് നിർമ്മാണം, കൂൺ കൃഷി തുടങ്ങിയ തൊഴിൽ പരിശീലനങ്ങൾ നടപ്പിലാക്കി. വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. അന്നത്തെ പരിശീനത്തിൽ പങ്കാളികകളായ വനിതകളിൽ പ്രമുഖരെല്ലാം അടുത്ത ടേമിൽ ജനപ്രതിനിധികളായി മാറിയെന്ന് ഇതിനൊക്കെ നേതൃത്വം നൽകിയ ബ്ലോക്ക് മെമ്പർകൂടിയായ കെ.ജി. ശശികല ഓർക്കുന്നു.
പാലായിലെ അരുണാപുരത്ത് നടന്ന ഡി.ആർ.പി പരിശീലനത്തിലാണ് ശശികല ആദ്യം പങ്കെടുത്തത്. അതിനുമുമ്പ് പാലക്കാട് ഐ.ആർ.ടി.സിയിൽ നടന്ന ദശദിന ക്യാമ്പ് പുതിയൊരു കാഴ്ചപ്പാടും അനുഭവങ്ങളും നൽകിയിരുന്നു. പദ്ധതി രൂപീകരണത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി. ഈയൊരു ഘട്ടത്തിലാണ് കെ.ആർ.പി ആയിരുന്ന കൈലാസൻ വഴി സംസ്ഥാന വനിതാ പരിശീലന സംഘവുമായി ബന്ധപ്പെടുന്നത്.
ഏതാണ്ട് നൂറു ദിവസം തുടർച്ചയായ പരിശീലന പരിപാടികളാണ് മാർ ഇവാനിയോസ് കോളേജിൽ നടന്നുകൊണ്ടിരുന്നത്. പരിശീലന ക്യാമ്പുകളിലെ പ്രതിദിന ന്യൂസ് ലെറ്റർ തയ്യാറാക്കുന്നതിൽ ശശികല സജീവമായിരുന്നു. ഈ പരിശീലനങ്ങളിലൂടെ നേടിയ അറിവ് ബ്ലോക്കിലെ വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തി.
ശശികല മറവൻതുരുത്ത് പഞ്ചായത്ത് ഡിവിഷനിൽ നിന്നാണ് ജനപ്രതിനിധിയായി ജയിച്ചത്. അവിടുത്തെ 2, 3 വാർഡുകളിൽ സമ്പൂർണ്ണ ശുചിത്വ പ്രോജക്ട് പൈലറ്റായി നടപ്പിലാക്കി. 6 ലക്ഷം രൂപം ശുചിത്വ മിഷന് ലഭിച്ചു. തുടർന്ന് പഞ്ചായത്തിന്റെ മുഴുവൻ വാർഡിലേക്കും ശുചിത്വ പരിപാടി വ്യാപിപ്പിച്ചു.
പ്രവർത്തനരഹിതമായ വായനശാല പ്രവർത്തനം സജീവമാക്കുകയും പുസ്തകങ്ങൾക്കും ആനുകാലികങ്ങൾക്കും വേണ്ടിയുള്ള പ്രോജക്ട് ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. നാടൻ കലാകാരന്മാരുടെ ഡയറക്ടറി ഉണ്ടാക്കി. സാംസ്കാരിക സമിതിയുട നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ 75-ാം വാർഷികം 6 ഗ്രാമപഞ്ചായത്തുകളിലെ വായനശാലകളെയും ക്ലബ്ബുകളെയും ഏകോപ്പിച്ചുകൊണ്ട് സംഘടിപ്പിച്ചു.
നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളോടും കൂടിയ ഘോഷയാത്ര ക്ഷേത്ര നഗരിയായ വൈക്കത്ത് ടൗൺ സ്കൂളിൽ സമാപിച്ചു. കടമ്മനിട്ട വാസുദേവൻ പിള്ള പടയണിപ്പാട്ടുകൾ ചൊല്ലി സദസ്സിനെ കയ്യിലെടുത്തു. നാടൻ കലാകാരന്മാരെ ആദരിച്ചു. വിവിധ രാഷ്ട്രീയപാർട്ടികൾ വെവ്വേറെ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടിയാണ് ബ്ലോക്ക് പഞ്ചായത്ത് എല്ലാവരെയും ചേർത്ത് ഔദ്യോഗിക പരിപാടിയാക്കി മാറ്റിയത്.
വഴിയില്ലാതെ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു പ്രദേശമുണ്ടായിരുന്നു. വലിയ എതിർപ്പുകളെ മറികടന്നുകൊണ്ട് 6 മീറ്റർ വീതിയിൽ 2 റോഡുകൾ ഇവിടേക്ക് പണിതു. ചില സ്ഥല ഉടമകൾ സ്ഥലം വിട്ടുതരാന മടിക്കുകയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുണഭോക്തൃ സമിതി വഴി റോഡ് പണി വിജയിച്ചതോടെ ഇത്തരത്തിലുള്ള അവസരങ്ങൾ ഇല്ലാതായി.
നിർമ്മാണ പ്രവൃത്തിയിൽ ഏറ്റവും പ്രസിദ്ധം പഞ്ചായത്തിനെ വെള്ളൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തട്ടാവേലി പാലമായിരുന്നു. 6 കോടി രൂപ ആദ്യം പി.ഡബ്ല്യൂ.ഡി എസ്റ്റിമേറ്റ് ഉണ്ടാക്കിയ പാലം 3 കോടി 40 ലക്ഷം രൂപയ്ക്ക് ജനകീയ സമിതി വഴി തീർന്നു. ഇതുപോലെ പഞ്ചായത്തിനെ തലയോലപ്പറമ്പുമായി ബന്ധിപ്പിക്കുന്ന മണമേൽക്കടവ് പാലവും ഗുണഭോക്തൃസമിതി വഴി പണിതു.
https://www.facebook.com/Malayalivartha























