വിസ്‌മയ കേസ്; പ്രതി കിരണ്‍കുമാറിന്റെ ജാമ്യഹർജി ഹൈകോടതി തള്ളി; കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും ജയിലില്‍ കഴിയേണ്ടതില്ലെന്ന കിരണ്‍കുമാറിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതെ കോടതി

വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്‍റെ ജാമ്യഹരജി ഹൈകോടതി തള്ളി. 105 ദിവസത്തിലേറെയായി കിരണ്‍കുമാര്‍ ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും ജയിലില്‍ കഴിയേണ്ടതില്ല എന്നുമാണ് കിരണ്‍കുമാറിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. വിസ്‌മയ ടിക് ടോക്, ഫേസ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നു. വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു എന്നും കിരണ്‍കുമാറിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിക്കകുയായിരുന്നു എന്നും തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രതി കിരണ്‍ നിരന്തരം വിസ്മയയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവായി വാട്സ് ആപ് ചാറ്റുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിസ്മയക്ക് കിരണ്‍കുമാര്‍ ഫോണ്‍ നല്‍കിയിരുന്നില്ല. കിരണിന്‍റെ സഹോദരി കീര്‍ത്തിയുടെ ഫോണില്‍ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയച്ച ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2021 ജൂണ്‍ മാസത്തിലാണ് കൊല്ലം പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വെച്ച് വിസ്മയ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha






















