ഉത്രയുടെ കുടുംബം തീര്‍ത്തും നിസഹായര്‍... വേണ്ടത്ര നിയമസഹായം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് കുടുംബം, സര്‍ക്കാര്‍ വാതില്‍ കൊട്ടിയടച്ചു

ഉത്രയുടെ കുടുംബം തീര്‍ത്തും നിസഹായര്‍. വേണ്ടത്ര നിയമസഹായം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. സര്‍ക്കാരാകട്ടെ സൂരജിന് കിട്ടിയ ശിക്ഷ തന്നെ ധാരാളമാണെന്ന മട്ടില്‍ നിയമ വഴികള്‍ ഏതാണ്ട് പൂര്‍ണമായി കൊട്ടിയടച്ച അവസ്ഥയിലാണ്.
ഉത്രയുടെ കൊലപാതകത്തില്‍ വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉത്രയുടെ കുടുംബം പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വീട്ടുകാരുടെ ആവശ്യം പരിഗണിക്കേണ്ടത് സര്‍ക്കാരല്ലേ? സാമ്പത്തികമായി മേന്മ അവകാശപ്പെടാനാവാത്ത കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുമ്പോള്‍ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒപ്പമില്ല.
മകളോട് കൊടുംക്രൂരത കാട്ടിയ സൂരജിനു നിയമം നല്‍കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള പ്രാഥമിക നടപടികളായെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജുമായും മറ്റു നിയമ വിദഗ്ധരുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു.
സൂരജിന് കിട്ടിയ ശിക്ഷയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കേരള സര്‍ക്കാര്‍. സൂരജിന് വധശിക്ഷ ലഭിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുമ്പോഴും അത് നടക്കില്ലെന്ന ബോധ്യം സര്‍ക്കാരിനുണ്ടായിരുന്നു. വധശിക്ഷ വിധിച്ചാല്‍ തന്നെ ഹൈക്കോടതിയില്‍ നിന്നും സൂരജ് രക്ഷപ്പെടുമെന്ന ചിന്ത സര്‍ക്കാരിനുണ്ടായിരുന്നു.
വധശിക്ഷയിലും നല്ലത് ജീവപര്യന്തമാണെന്നും പിന്നീട് കുടുംബത്തിനും മനസ്സിലാകുമെന്നും വാവാ സുരേഷ് പറഞ്ഞു.
കോടതി വിധിയില്‍ അപാകത ഉണ്ടായതു കൊണ്ടല്ല അപ്പീല്‍ നല്‍കുന്നതെന്നാണ് കുടുംബം പറയുന്നത്. കൊടും കുറ്റവാളിക്കു പരമാവധി ശിക്ഷ തന്നെ ലഭിക്കണം. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറയുന്നു.
അപ്പീല്‍ നല്‍കുന്നതിന് 60 ദിവസത്തെ സാവകാശം നിയമം അനുവദിക്കുന്നുണ്ടെങ്കിലും നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് ഉത്രയുടെ കുടുംബം നടത്തുന്നത്. ഇതിനിടെ ശിക്ഷാവിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നു പ്രതിഭാഗം വ്യക്തമാക്കിയിരുന്നു.
പ്രതി സൂരജിനെ വ്യാഴാഴ്ച രാവിലെ 10ന് കൊല്ലം ജില്ലാ ജയിലില്‍ നിന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. ബുധനാഴ്ച ശിക്ഷാവിധി വന്നെങ്കിലും അന്നു രാത്രി കൊല്ലം ജില്ലാ ജയിലില്‍ തന്നെയാണ് തുടര്‍ന്നത്. വ്യാഴാഴ്ച ഉച്ചയോടെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കു കൈമാറി. മറ്റൊരു ജയിലില്‍ നിന്നു കൊണ്ടുവന്നതിനാല്‍ സൂരജിനെ അവിടെ പ്രത്യേകം സെല്ലില്‍ 7 ദിവസത്തേക്കു ക്വാറന്റീനിലാക്കി.
ജീവപര്യന്തം ശിക്ഷ കൊണ്ട് സൂരജിന്റെ ശരീരം നന്നാവും എന്നതില്‍ കവിഞ്ഞ് മറ്റൊന്നും സംഭവിക്കില്ലെന്നാണ് ഉത്രയുടെ കുടുംബം പറയുന്നത്. ഇത്രയും കാലം ജയിലില്‍ കിടന്നതു കൊണ്ട് സൂരജിന്റെ ശരീരത്തിനുണ്ടായ മാറ്റം ഉത്രയുടെ വീട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരും ചൂണ്ടി കാണിക്കുന്നുണ്ട്.
എന്നാല്‍ വധശിക്ഷ നല്‍കുന്നത് അപക്വമാണെന്ന ചിന്ത വിചാരണ കോടതികളില്‍ പതിവായിട്ടുണ്ട്. മുമ്പ് വധശിക്ഷ വിധിച്ച പല കേസുകളും പിന്നീട് ഊരി പോയിട്ടുണ്ട്. വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമ്പോള്‍ ശിക്ഷ വിധിക്കുന്ന കോടതികള്‍ക്ക് പോലും അതൊരു കുറവായി തോന്നും. അതുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കാന്‍ വിചാരണ കോടതികള്‍ ശ്രമിക്കുന്നത്.
സൂരജിനെതിരെയുള്ള ഇപ്പോഴത്തെ വിധിയില്‍ മേല്‍കോടതിയില്‍ നിന്നും വലിയ വ്യത്യാസമുണ്ടാകാന്‍ സാധ്യതയില്ലെന്ന ചിന്തയിലാണ് വിചാരണ കോടതി.
https://www.facebook.com/Malayalivartha



























