പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ ടെസ്റ്റിനുള്ള നടപടിയുമായി പൊലീസ്

പീഡനത്തിനിരയായ 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ ഡി.എന്‍.എ ടെസ്റ്റിനുള്ള നടപടികളുമായി പൊലീസ്. കോട്ടക്കലിലാണ് കഴിഞ്ഞ 20ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചത്. അറസ്റ്റിലായ 22കാരനെ റിമാന്‍ഡ് ചെയ്തിരുന്നു. ബലാല്‍സംഗത്തിനിരയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബര്‍ 20ന് വീട്ടിലെ മുറിയ്ക്കുള്ളിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റിയതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞ 23 നാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി രണ്ട് തവണ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ആരെയും അറിയിച്ചിട്ടില്ല. അതില്‍ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha

























