മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രാഖിൽ ഒന്നാം പ്രതി! നെല്ലിക്കുഴിയിൽ ഡെന്റൽ ഹൗസ് സർജൻ ഡോ. മാനസയെ വെടിവച്ചു കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു; കോതമംഗലം ജുഡീഷ ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം...

നാടിനെ ഞെട്ടിച്ച അരുംകൊല ആരും തന്നെ മറക്കാനിടയില്ല. ഇപ്പോഴിതാ മാനസയെ വെടിവച്ചു കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.
കോതമംഗലം ജുഡീഷ ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ നാലു പ്രതികളാണുള്ളത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്. എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രാഖിൽ (32) ആണ് ഒന്നാം പ്രതി. ബിഹാറിൽനിന്നു തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) ആണ് രണ്ടാംപ്രതി. തോക്കു കൊടുത്ത ബിഹാർ സ്വദേശി സോനു കുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്.
ജൂലൈ 30നായിരുന്നു സംഭവം. മാനസ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ തോക്കുമായെത്തിയ രാഖിൽ മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് സംഘം വാരണാസി, പാറ്റ്ന, മുംഗീർ, സങ്കരാപുർ, ജത്യാ ബന്ധർ തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























