സംസ്ഥാനത്ത് 175 വിദേശമദ്യ ഷോപ്പുകള്‍ കൂടി തുടങ്ങാന്‍ അനുമതി തേടി ബിവറേജസ് കോര്‍പ്പറേഷന്‍; വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലെന്ന് എക്സൈസ് കമ്മിഷണര്‍

സംസ്ഥാനത്ത് 175 വിദേശമദ്യ ഷോപ്പുകള്‍ കൂടി തുടങ്ങാന്‍ അനുമതി തേടി ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കിയ കത്ത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ബെവ്കോ ഔട്ട്ലെറ്റുകളില്‍ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് തൃശൂരിലെ മൈ ഹിന്ദുസ്ഥാന്‍ പെയിന്റ്സ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിന്മേലാണിത്. വിദേശമദ്യ ഷോപ്പുകളെ ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന വാക്ക് - ഇന്‍ ഷോപ്പുകളാക്കി മാറ്റണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ബെവ്കോയുടെ 96 ഔട്ട്ലെറ്റുകളില്‍ വാക്ക് - ഇന്‍ സൗകര്യം (സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകള്‍) ഒരുക്കാന്‍ നടപടിയെടുത്തെന്നും, കണ്‍സ്യൂമര്‍ഫെഡിന്റെ 30 ഔട്ട്ലെറ്റുകളില്‍ വാക്ക് - ഇന്‍ സൗകര്യം ഒരുക്കിയെന്നും എക്സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി.
സംസ്ഥാനത്തെ 306 വിദേശമദ്യ ഔട്ട്ലെറ്റുകളില്‍ 270 എണ്ണം ബെവ്കോയും 36 എണ്ണം കണ്‍സ്യൂമര്‍ഫെഡുമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയും ഏരിയയും കണക്കിലെടുത്താല്‍ ഇവിടെ വിദേശമദ്യ ഷോപ്പുകളുടെ എണ്ണം വളരെക്കുറവാണെന്നും, എണ്ണം കൂട്ടണമെന്നും വ്യക്തമാക്കി ബെവ്കോ എം.ഡി സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ട്. ഔട്ട്ലെറ്റുകളുടെ എണ്ണം കൂട്ടിയാല്‍ തിരക്കു കുറയ്ക്കാനാവും. ബെവ്കോയുടെ ശുപാര്‍ശ നടപ്പാക്കണമെന്ന് എക്സൈസ് വകുപ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജി 23ന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























