സംഗതി നടന്നാല്‍... മൂന്നാം ലോകമഹായുദ്ധം അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രവചിച്ച് പ്രാദേശിക നേതാവ്; എവിടെ എങ്ങനെയൊന്നൊന്നും ചോദിച്ചേക്കരുത്; രക്ഷ വേണേല്‍ വീടുകളില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ ആഹ്വാനം

പലതരം പ്രവചനങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതല്‍പം കടന്ന പ്രവചനമായിപ്പോയി. പാകിസ്ഥാനിലെ പ്രാദേശിക നേതാവാണ് പ്രവചനം നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം കേവലം അറുപത് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രവചിക്കുകയാണ് പാകിസ്ഥാന്‍കാരനായ ഫൈസല്‍ റാസ അബിദി.
സിന്ധിലെ മുന്‍ സെനറ്ററും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗവുമായ ഇദ്ദേഹം ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് മൂന്നാം ലോക മഹായുദ്ധത്തിന്റെ തീയതി കുറിച്ചത്. അറുപത് ദിവസത്തിനുള്ളില്‍ ആരംഭിക്കുന്ന യുദ്ധത്തില്‍ നിന്നും രക്ഷ നേടുന്നതിനായി വീടിന്റെ ബേസ്‌മെന്റില്‍ ബങ്കറുകള്‍ നിര്‍മ്മിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇതിനെ ചിലര്‍ പുച്ഛിച്ച് തള്ളുകയും ചിലര്‍ കാര്യമായെടുക്കുകയും ചെയ്തിട്ടുണ്ട്.
പല കാരണങ്ങളാണ് റാസ നിരത്തുന്നത്. ലോകത്ത് നിലനില്‍ക്കുന്ന എണ്ണപ്രതിസന്ധിയാണ് മൂന്നാം ലോകമഹായുദ്ധത്തിന്റെ കാരണമായി ഫൈസല്‍ റാസ അബിദി വിലയിരുത്തുന്നത്. ജിയോ ടിവിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എന്നാല്‍ റാസയുടെ മനോനില തകരാറിലായെന്നാണ് പത്രപ്രവര്‍ത്തകനായ ഗുല്‍ ബുഖാരി വിലയിരുത്തിയത്. ട്വിറ്ററിലും ഇദ്ദേഹത്തെ നിരവധി പേര്‍ ട്രോളുന്നുണ്ട്.
അതേസമയം റാസയെ അകമഴിഞ്ഞു വിശ്വസിക്കുന്നവരും പാകിസ്ഥാനിലുണ്ട്. കൊവിഡ് വാക്‌സിനെതിരെയും റാസ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ലോകത്തെ ഭരിക്കുവാന്‍ ക്രൂഡ് ഓയില്‍ ആവശ്യമാണ്, ഇത് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും കൈവശപ്പെടുത്താനുളള നീക്കം നടക്കുന്നതായും, ഇതിനായിട്ടാണ് കൊവിഡും വാക്‌സിനും അവതരിച്ചതെന്നും റാസ അവകാശപ്പെടുന്നു.
റാസയുടെ പ്രവചനം ഒരറ്റത്ത് നടക്കുമ്പോള്‍ പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്‌രീക് ഇ താലിബാന്‍ (ടി.ടി.പി) യുമായി വെടിനിറുത്തല്‍ കരാറിലൊപ്പു വച്ച് പാക സര്‍ക്കാര്‍. നിലവില്‍ ഒരു മാസത്തേയ്ക്കാണ് വെടിനിറുത്തലിന് ധാരണയായത്. ഇരുപക്ഷങ്ങളും ഇത് കൃത്യമായി പാലിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരും.
നിരോധിത ഭീകര സംഘടനയായ ടി.ടി.പി യുടെ പ്രഖ്യാപിത ലക്ഷ്യം പാകിസ്ഥാനെ പുറത്താക്കി രാജ്യത്ത് ശരിയത്ത് നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ഭരണകൂടം സ്ഥാപിക്കുക എന്നതാണ്. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനായി ഇരുകൂട്ടരും തമ്മില്‍ നേരത്തേയും സമാധാന ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല. അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെയാണ് അഫ്ഗാന്‍ താലിബാന്‍ നേതാക്കളുടെ മധ്യസ്ഥതയില്‍ ഇരുപക്ഷവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ഭരണഘടനയ്ക്ക് കീഴിലായിരിക്കുമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
ചര്‍ച്ചകള്‍ക്കായി ഇരുവിഭാഗവും പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിറുത്തല്‍ ഡിസംബര്‍ ഒന്‍പത് വരെ നീളും. അതേസമയം വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പാക് ജയിലുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ടി.ടി.പി ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം അഫ്ഗാനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിന്ന് പാകിസ്ഥാന് പുറകെ ചൈനയും പിന്മാറി. ക്രമപ്പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ ചൈനയ്ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അതേ സമയം അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് ചൈന അറിയിച്ചു. അഫ്ഗാനില്‍ താലിബാന്‍ ഭരണകൂടം അധികാരത്തിലെത്തിയ ശേഷം ഭീകരവാദം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ നിലനില്ക്കുന്ന ഭീഷണിയ്‌ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തില്‍ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നത്.
"
https://www.facebook.com/Malayalivartha
























