പന്തീരാങ്കാവ് കേസ്.... യു എ പി എ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി പി എമ്മില്‍ വിമര്‍ശനം.... സി പി എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ ആക്ഷേപം

പന്തീരാങ്കാവ് കേസില്‍ യു എ പി എ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി പി എമ്മില്‍ വിമര്‍ശനം. പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. സി പി എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ ആക്ഷേപം ഉയര്‍ന്നത്.
സംഭവത്തില്‍ പൊലീസിന് വന്‍ വീഴ്ചയുണ്ടായെന്നും, പഠിക്കാതെ കേസെടുത്തുവെന്നുമാണ് വിമര്‍ശനം. കേസിലെ പ്രതികളായ അലനും താഹയും സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് പ്രതിനിധികളായിരുന്നു. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തിയതില്‍ സര്‍ക്കാരിനെതിരെ നേരത്തെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബറിലാണ് അലനെയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
തൊട്ടുപിന്നാലെ എന്‍ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. കാര്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ മാസം എന്‍ ഐ എ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയും അലന്‍ ഷുഹൈബിന്റെ ജാമ്യം ശരിവയ്ക്കുകയുമായിരുന്നു.
ഇത് ചോദ്യം ചെയ്ത് താഹ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ കഴിഞ്ഞ മാസം 28ന് താഹയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
https://www.facebook.com/Malayalivartha
























