ബെന്നിച്ചന്‍ തോമസ് സത്യസന്ധന്‍... കുരുക്കിയത് ചതിയിലൂടെ.... ബെന്നിച്ചന്‍ തോമസിനെ സര്‍ക്കാര്‍ ബലിയാടാക്കുമ്പോള്‍ ഇറങ്ങി പോകുന്നത് വനം വകുപ്പിലെ ഏറ്റവും പ്രഗല്ഭനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്

ബെന്നിച്ചന്‍ തോമസിനെ സര്‍ക്കാര്‍ ബലിയാടാക്കുമ്പോള്‍ ഇറങ്ങി പോകുന്നത് വനം വകുപ്പിലെ ഏറ്റവും പ്രഗല്ഭനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്‍.
ബിനോയ് വിശ്വത്തെ പോലെ സത്യസന്ധരായ മന്ത്രിമാരുടെ വിശ്വസ്തനായിരുന്നു ബെന്നിച്ചന്‍ തോമസ്. അദ്ദേഹത്തിന് പ്രത്യക്ഷ രാഷ്ട്രീയമില്ല. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ബെന്നിച്ചനെ പ്രൈവറ്റ് സെക്രട്ടറിയാവാന്‍ വിളിച്ചതാണ്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറി. തനിക്ക് പറ്റിയ തൊഴിലല്ല പ്രൈവറ്റ് സെക്രട്ടറിയെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു.
ബെന്നിച്ചന്‍ തോമസ് ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന് ബിനോയ് വിശ്വം മന്ത്രിയായിരിക്കുമ്പോള്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ നല്‍കിയിരുന്നു. അതെല്ലാം അദ്ദേഹം ഭംഗിയായാണ് നിര്‍വഹിച്ചത്. കരിയറില്‍ ഒരിക്കല്‍ പോലും അദ്ദേഹം ചീത്ത പേര് കേള്‍പ്പിച്ചിട്ടില്ല.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ബെന്നിച്ചന്‍ തോമസ്. വിവാദ ഉത്തരവിറക്കിയത് ബെന്നിച്ചന്‍ തോമസായിരുന്നു. മരം മുറിയില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
അജണ്ടക്ക് പുറത്തുളള ഇനമായാണ് മുഖ്യമന്ത്രി മരം മുറി കൊണ്ടുവന്നത്. അജണ്ട ചര്‍ച്ചക്കെടുത്തപ്പോള്‍ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനവും അറിയിക്കുകയായിരുന്നു.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ തമിഴ്‌നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാല്‍ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തില്‍ കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വിവാദ ഉത്തരവിട്ട സംസ്ഥാന വനം വകുപ്പ് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിയമവകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭക്ക് ശുപാര്‍ശ നല്‍കിയത്.
ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങള്‍ മുറിക്കാനായിരുന്നു തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മരംമുറിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിര്‍ണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്. പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നല്‍കിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാര്‍ രംഗത്തെത്തി.
പ്രതിപക്ഷ കക്ഷികളടക്കം പ്രതിഷേധിച്ചതോടെ വിവാദ ഉത്തരവ് മരവിപ്പിച്ചു. തമിഴ്‌നാട് കേരളാ സംയുക്ത പരിശോധന നടന്നുവെന്നും അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ പിന്നീട് പുറത്ത് വന്നു. നിയമസഭയിലടക്കം വിഷയം ആളിക്കത്തിയതോടെയാണ് മന്ത്രിസഭായോഗം ചേര്‍ന്ന് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
നിയമസഭയില്‍ മുല്ലപ്പെരിയാര്‍ മരംമുറിയിലെ കള്ളക്കളി മറക്കാന്‍ പരസ്പരം പഴിചാരുകയായിരുന്നു വനം-ജല വിഭവ ശേഷി മന്ത്രിമാര്‍. മരംമുറി അനുമതിക്ക് മുന്നോടിയായി നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നില്ലെന്നും തെളിവുണ്ടെങ്കില്‍ പുറത്ത് വിടാനും മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു. നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിന്റെ മിനുട്ട്‌സ് കണ്ടെന്നാണ് തിങ്കളാഴ്ച നിയമസഭയില്‍ മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നത്. സംയുക്ത പരിശോധനാ ഫയലുകള്‍ ജലവിഭവ വകുപ്പിന് കീഴിലാണെന്ന് വനംമന്ത്രി പറയുമ്പോള്‍ പരിശോധന മുഴുവന്‍ വനംവകുപ്പിന്റെ നടപടിയെന്നാണ് റോഷി അഗസ്റ്റിന്റെ നിലപാട്.
നവംബര്‍ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന്റെ മേല്‍നോട്ടത്തില്‍ ഒരുയോഗവും ചേര്‍ന്നില്ലെന്നാണ് റോഷി അഗസ്റ്റിന്‍ ഉറപ്പിച്ചുപറഞ്ഞത്.
എന്നാല്‍ യോഗം നടന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി പറഞ്ഞ യോഗത്തിന്റെ മിനുട്‌സ് കണ്ടെന്നായിരുന്നു വനംമന്ത്രി സഭയില്‍ വിശദീകരിച്ചത്.
മരംമുറിക്ക് അനുമതി നല്‍കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ മരംമുറി ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഉത്തരവിലെ മൂന്നാം റഫന്റസായി നവംബര്‍ ഒന്നിന് ടികെ ജോസ് വിളിച്ച യോഗ തീരുമാനപ്രകാരമാണ് ഉത്തരവെന്ന് ഉണ്ടായിരുന്നു.
അതിനിടെ സംയുക്തപരിശോധന നടന്നില്ലെന്ന് നേരത്തെ പറഞ്ഞ വനംമന്ത്രി പരിശോധന നടന്നെന്ന് പിന്നീട് തിരുത്തി. ജലവിഭവമന്ത്രിക്ക് വേണ്ടി നിയസഭയില്‍ മറുപടിപറഞ്ഞ മന്ത്രി കൃഷ്ണന്‍ കുട്ടി സംയുക്തപരിശോധന നടന്നുവെന്നും സമ്മതിച്ചു. ഇതെല്ലാം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തതോടെയാണ് ഉത്തരവ് റദ്ദാക്കിയത്.
ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കാനാവില്ലെന്ന്: എല്ലാവര്‍ക്കുമറിയാം.
ഏതായാലും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെല്ലാം അസ്വസ്ഥരാണ്. മന്ത്രിമാരും മന്ത്രിസഭയും എടുക്കുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥന്‍മാരുടെ തലയില്‍ കെട്ടിവയക്കുന്നതിലാണ് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പ്.
https://www.facebook.com/Malayalivartha
























