യാത്രാ നിയന്ത്രണം... ചെന്നൈയ്ക്ക് ആശ്വാസമായി മഴ കുറഞ്ഞപ്പോള്‍ കേരളത്തില്‍ ശക്തമായ മഴ; തിരുവനന്തപുരത്ത് വ്യാപക നാശം; മലയോര മേഖലകളില്‍ രാത്രിയാത്ര പാടില്ലെന്ന് കര്‍ശന നിര്‍ദേശം; മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

വെള്ളപ്പൊക്കത്തിലായിരുന്ന ചെന്നൈ നഗരം കര കയറി. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയില്‍ നാശനഷ്ടം വ്യാപകം. ജില്ലയിലെ പല ഭാഗത്തും വലിയ ദുരിതമാണ് ഉണ്ടായത്.
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ നെയ്യാറ്റിന്‍കര ടിബി ജംക്ഷനു സമീപം മരുതൂര്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. രാത്രിയോടെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ ഓലത്താനി വഴി തിരിച്ചു വിട്ടു. നാഗര്‍കോവിലിനു സമീപം ഇരണയിലില്‍ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണതോടെ തിരുവനന്തപുരം, നാഗര്‍കോവില്‍ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ പല ഭാഗത്തും പാളത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.
അതിശക്തമായ മഴയ്ക്കും മോശം കാലവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ജില്ലയിലെ മലയോര, നദീതീര, കായലോര, തീരദേശ വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
ഇന്നലെ ഇതു വഴിയുള്ള 5 ട്രെയിനുകള്‍ റദ്ദാക്കി. ഇന്നത്തെ ചെന്നൈ എഗ്മൂര്‍, ഗുരുവായൂര്‍ എക്‌സ്പ്രസ് പൂര്‍ണമായും 25 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇന്നു പുലര്‍ച്ചെ തിരുനെല്‍വേലിയില്‍ നിന്നു പുറപ്പെട്ട് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് വഴി ബിലാസ്പുരിലേക്കു പോകേണ്ട പ്രതിവാര ട്രെയിന്‍ (നമ്പര്‍ 22620) കേരളത്തില്‍ എത്താതെ മധുര, ഡിണ്ടിഗല്‍ വഴി പോകും. ഇന്നലെ കന്യാകുമാരിയില്‍ നിന്നു ബെംഗളൂരുവിലേക്കു പോകേണ്ട ഐലന്‍ഡ് എക്‌സ്പ്രസ് അഞ്ചു മണിക്കൂറോളം വൈകി തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണു യാത്ര ആരംഭിച്ചത്.
കോവളത്ത് രണ്ടു വീടുകളിലേക്കു മണ്ണിടിഞ്ഞു വീണു. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറി. മലയോരമേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ രാത്രികാല യാത്രാനിരോധനം ഏര്‍പ്പെടുത്തി. പാറശാലയില്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിന്റെ മതിലിടിഞ്ഞ് സമീപത്തെ വീടു തകര്‍ന്നെങ്കിലും വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നെയ്യാറില്‍ പാലക്കടവ് പാലത്തിനു സമീപം വയോധികയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ജില്ലയില്‍ കനത്ത മഴയില്‍ വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുകയാണ്. വിതുര പെന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞുതാണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ 60 സെ.മീ ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും നിലവില്‍ 80 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്. രാത്രിയോടെ 40 സെ.മീ കൂടി ഷട്ടര്‍ ഉയര്‍ത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് തുടങ്ങിയ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha






















